കർണാടക ബാങ്ക് കവർച്ച : അന്വേഷണം ഊർജിതം
- Posted on January 19, 2025
 - News
 - By Goutham prakash
 - 148 Views
 
                                                    മംഗളൂരു ഉള്ളാൾ താലൂക്കിലെ കെ.സി.റോഡിലുള്ള കൊട്ടേക്കർ കോ.-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വെള്ളിയാഴ്ച വൻ കവർച്ച നടന്നത്.
കാറിലെത്തിയ ആറംഗസംഘമാണ് കവച്ചയ്ക്കുപിന്നിൽ. ഇതിൽ അഞ്ചുപേരാണ് തോക്കുകളുമായി ബാങ്കിനകത്തേക്ക് പോയത്. ആറാമൻ പുറത്ത് നിൽക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച ചെയ്തത്. സ്വർണവും പണവും ഉൾപ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതർ അറിയിച്ചു.
ഒരു കറുത്ത ഫിയറ്റ് കാറിലാണ് കവർച്ചക്കാർ എത്തിയത്. തോക്കുചൂണ്ടി അഞ്ച് ചാക്കുകളിലായാണ് മോഷണമുതലുമായി ഇവർ രക്ഷപ്പെട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒന്നടങ്കം സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഇതെല്ലാം ഭേദിച്ചാണ് കവർച്ചാസംഘം കൃത്യം നിർവഹിച്ച് മടങ്ങിയത്.
കവർച്ചക്കാർ കന്നഡയിലാണ് പരസ്പരം സംസാരിച്ചതെങ്കിലും ബാങ്കിലുള്ളവരോട് ഹിന്ദിയിലാണ് ആശയവിനിമയം നടത്തിയതെന്നും ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. കവർച്ചക്കാർ വന്ന കാറിന്റെ നമ്പർ പ്ലേറ്റ് പേലീസ് സംഘം പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ ബാങ്കിലേക്ക് കയറുന്നതിന്റെ മറ്റൊരു സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മംഗളൂരു നഗരം ലക്ഷ്യമാക്കിയാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് വിവരം. അഞ്ചുവർഷം മുൻപും ഇതേ ബാങ്കിൽ കവർച്ച നടന്നിരുന്നു. അന്ന് തോക്കും കത്തിയും ഉപയോഗിച്ചായിരുന്നു കവർച്ച. നിലവിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. കുറ്റവാളികളെ ഉടൻ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്. കർണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദർ സംഭവ സ്ഥലം സന്ദർശിക്കുകയും കുറ്റവാളികളെ എത്രയും പെട്ടന്ന് പിടികൂടണമെന്നും പോലീസിന് നിർദേശം നൽകി.
പ്രത്യേക ലേഖകൻ.
