ബഷീറിയന്‍ പ്രണയത്തിന്റെ മാങ്കോസ്റ്റിന്‍ തണലില്‍.

 

          ബഷീറിനെ വേദിയില്‍ അനുകരിക്കാനല്ല, മറിച്ച് അദ്ദേഹത്തിന്റെ വിശ്വമാനവികത നിറഞ്ഞ ലോകവീക്ഷണത്തെ ഉള്‍ക്കൊള്ളാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന്   രാജീവ് കൃഷ്ണന്‍ സംവിധാനം ചെയ്ത അണ്ടര്‍ ദി മാങ്കോസ്റ്റീന്‍ ട്രീ എന്ന നാടകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.  പൂവിനും പുല്‍ച്ചാടിക്കുമെല്ലാം ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് വിശ്വസിച്ച സുല്‍ത്താന്റെ ദര്‍ശനം തന്നെയാണ് ഈ നാടകത്തിന്റെ ആണിക്കല്ലെന്ന് അണിയറ പ്രവര്‍ത്തര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.ഫാവോസില്‍ നടന്ന മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഞങ്ങള്‍ ബഷീറിനെക്കുറിച്ച് ഗവേഷണം നടത്തുകയല്ല ചെയ്തത്, മറിച്ച് അദ്ദേഹത്തിന്റെ ലോകത്ത് ലയിച്ചു ചേരുകയായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.ഈ നാടകത്തിന്റെ പിന്നിലെ അധ്വാനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പഴയൊരു മോട്ടോര്‍ സൈക്കിള്‍ ഗാരേജിലെ റിഹേഴ്‌സല്‍ ക്യാമ്പുകളെക്കുറിച്ച്  സംവിധായകന്‍ ഓര്‍ത്തെടുത്തു.  കോഴിക്കോടും ബേപ്പൂരിലുമായി ബഷീറിന്റെ ഗന്ധമറിഞ്ഞു നടന്ന ദിനങ്ങളാണ് നാടകത്തിന് ജീവന്‍ നല്‍കിയത്. അന്നത്തെ ഗാരേജില്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ഇന്നും ഈ നാടകത്തിലെ പ്രോപ്പര്‍ട്ടികളായി ഉപയോഗിക്കുന്നുവെന്നത് കൗതുകകരമായ മറ്റൊരു വസ്തുതയാണ്. നാടകത്തിന്റെ പരിണാമത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടം കുട്ടി ബഷീറായി അപര്‍ണ എന്ന പെണ്‍കുട്ടിയെ നിശ്ചയിച്ചതായിരുന്നു. ബഷീറിനെ അവതരിപ്പിക്കാന്‍ ആദ്യം ബഷീറിനെക്കുറിച്ച് അതുവരെ പഠിച്ച കാര്യങ്ങള്‍ മറക്കണം എന്നാണ് സംവിധായകന്‍ അഭിനേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. നാടകത്തിന്റെ പഴഞ്ചന്‍ ശൈലികളെ പൊളിച്ചെഴുതാന്‍ ഈ തീരുമാനം സഹായിച്ചുവെന്ന് അപര്‍ണയും സാക്ഷ്യപ്പെടുത്തി.നാടകസംവിധായകൻ ചന്ദ്രദാസന്‍ മേഡറ്ററായ ചര്‍ച്ചയില്‍ നാടകത്തിന്റെ അണിയറപ്രവര്‍ത്തകരായ പാര്‍ഷതി ജെ നാഥ്, പോള്‍ മാത്യു, മായാ എസ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like