ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കായികമേളയിൽ ജനറൽ സ്കൂൾ, സ്പോർട്സ് സ്കൂൾ വേർതിരിവുകൾ ഇല്ല :മന്ത്രി വി ശിവൻകുട്ടി
- Posted on November 12, 2024
- News
- By Goutham Krishna
- 126 Views

സി.ഡി.. സുനീഷ്.
ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കായികമേളയിൽ ജനറൽ സ്കൂൾ, സ്പോർട്സ് സ്കൂൾ വേർതിരിവുകൾ ഇല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കായികമേളയിൽ സ്പോർട്സ് സ്കൂൾ, ജനറൽ സ്കൂൾ, സ്പോർട്സ് ഡിവിഷൻ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്പോർട്സ് അക്കാദമികൾ എന്ന വ്യത്യാസം കൂടാതെയാണ് കുട്ടികൾ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിൽ സ്കൂളുകളെ വേർതിരിച്ച് സമ്മാനം നൽകുന്നത് ഉചിതമല്ല. സംസ്ഥാന കായിക മേളയിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നത് മികച്ച കായിക പ്രതിഭകളെ കണ്ടെത്തുകയും അവരെ ഭാവിയിലെ മികച്ച കായിക താരങ്ങളായി വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകാലങ്ങളിൽ സ്പോർട്സ് ഡിവിഷനുകളും ജനറൽ സ്കൂളുകളും വേർതിരിച്ച് മത്സരം നടത്തിയിരുന്നത് ഏകീകരിച്ചത്. ഈ ഏകീകരണത്തെ തുടർന്ന് വീണ്ടും സ്പോർട്സ് സ്കൂൾ, ജനറൽ സ്കൂൾ എന്നിങ്ങനെ സ്കൂളുകളെ വേർതിരിക്കുക ഉചിതമല്ല. സ്പോർട്സിൽ മികവിനാണ് പ്രാധാന്യം. മികവിന് മറ്റു രീതിയിലുള്ള വേർതിരിവുകൾ കൊണ്ടുവരുന്നത് സ്പോർട്സിന്റെ വളർച്ചയ്ക്ക് ഗുണകരമല്ല എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് 39 കായിക ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലയെ കണക്കാക്കുന്നതിൽ ഒരുമിച്ച് മത്സരിക്കുന്ന കുട്ടികളെ സ്പോർട്സ് സ്കൂൾ എന്നോ ജനറൽ സ്കൂൾ എന്നോ കാറ്റഗറി തിരിച്ച് വേർതിരിക്കുന്നില്ല. അത്‌ലറ്റിക്സ് എന്ന കായിക ഇനത്തിൽ മാത്രം വേർതിരിവ് നൽകുവാൻ സാധിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.