കെഎസ്ആർടിസിയിൽ സംയുക്ത തൊഴിലാളി പ്രക്ഷോഭത്തിന് ഐഎൻടിയുസി.
തിരുവനന്തപുരം: കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനും ശമ്പളം ഗഡുക്കളായി നൽകാനും ഡിപ്പോകൾ സ്വിഫ്റ്റിന് കൈമാറാനുമുള്ള നീക്കത്തിനെതിരേ യൂണിയനുകളുടെ സംയുക്ത സമരത്തിന് കെഎസ്ആർടിസിയിലെ INTUC യൂണിയനായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി എം.വിൻസെന്റ് എംഎൽഎ അറിയിച്ചു. വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.തമ്പാനൂർ രവി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യഥാസമയം ശംബളം നൽകാതിരിക്കുകയും ക്യത്രിമ ഡീസൽ ക്ഷാമം സ്യഷ്ടിക്കുകയും ചെയ്യുന്നത് കെഎസ്ആർടിസിയിൽ പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീർത്ത് സ്വകാര്യ വത്കരിക്കാനാണെന്നും യോഗം വിലയിരുത്തി. പ്രതിമാസ വരുമാനത്തിൽ നിന്നും ക്യത്യമായി ശമ്പളം നൽകാനും ഡീസൽ അടിക്കാനും കഴിയുമായിരുന്നിട്ടും അത് ചെയ്യുന്നില്ല. ഇങ്ങനെ ശമ്പളം മുടക്കിയും ഡിപ്പോകൾ പൂട്ടിയും നിയമവിരുദ്ധ പരിഷ്കരണങ്ങൾ നടത്തിയും മുന്നോട്ടു പോകുന്നത് അനുവദിക്കാനാവില്ല എന്നും ഇതിനെതിരെ കെഎസ്ആർടിസിയിലെ മറ്റ് യൂണിയനുകളെ കൂടെ ചേർത്തു കൊണ്ട് സംയുക്ത സമരത്തിന് നേതൃത്വം നൽകാൻ ഇന്നത്തെ വർക്കേഴ്സ് യൂണിയൻ യോഗം തീരുമാനിച്ചതായും എംഎൽഎ പറഞ്ഞു.
സ്വന്തം ലേഖകൻ .