മൈക്രോബയോം ഗവേഷണങ്ങളുടെകേന്ദ്രമായി കേരളത്തെ ഉയര്‍ത്തണം;

കൊച്ചി: 


മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങളില്‍ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റണമെന്ന ആഹ്വാനത്തോടെ കൊച്ചിയില്‍ നടന്ന മൈക്രോബയോം കോണ്‍ക്ലേവ് & ഐഡിയത്തോണ്‍ 2025 സമാപിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമും സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

മൈക്രോബയോം ഗവേഷണത്തിലെ പുതിയ നേട്ടങ്ങളും അതിന്‍റെ പരിസ്ഥിതി, ആരോഗ്യം, വ്യവസായം എന്നീ മേഖലകളിലേക്കുള്ള പ്രായോഗിക സാധ്യതകളും തിരയുന്ന വേദിയായി കോണ്‍ക്ലേവ് മാറി. മൈക്രോബയോം മേഖലയിലെ ശാസ്ത്രജ്ഞര്‍, വ്യവസായ വിദഗ്ധര്‍, സംരംഭകര്‍, ഗവേഷകര്‍ എന്നിവരെ ഒരുമിപ്പിക്കുകയായിരുന്നു കോണ്‍ക്ലേവിന്‍റെ ലക്ഷ്യം.

കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആസ്ഥാനത്ത് നടന്ന കോണ്‍ക്ലേവിന്‍റെ ഉദ്ഘാടനം മൈക്രോബയോം സെന്‍റര്‍ ഓഫ് എക്സലന്‍സ് ഡയറക്ടര്‍ ഡോ. സാബു തോമസ് നിര്‍വഹിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനിലെ (യുഎന്‍-എഫ്എഒ)  മുന്‍ മുതിര്‍ന്ന ഓഫീസറും നിറ്റി സര്‍വകലാശാലയിലെ ഉപദേഷ്ടാവുമായ ഡോ. ഇദ്യാ കരുണാസാഗര്‍ മുഖ്യ പ്രഭാഷണം നടത്തി.

ലൂസിന്‍ റിച്ച് ബയോ പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ. കുമാര്‍ ശങ്കരന്‍, കേരള സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥ ഡോ. റാണി ചാക്കോ, കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് അസിസ്റ്റന്‍റ് മാനേജര്‍ ഡോ. ദീപു കൃഷ്ണന്‍, സാക്സിന്‍ ലൈഫ്സയന്‍സസ് (ചെന്നൈ) സി.ഇ.ഒ. ഡോ. രാംചന്ദ്, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്‍റര്‍ ഡയറക്ടറുമായ ഡോ. രാധാകൃഷ്ണന്‍ ഇ.കെ, ലാബ്രിയൂട്ട് ന്യൂട്രിയന്‍റ്സ് എം.ഡി. ഡോ. പ്രീതി സുധ, സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. മഹേഷ് എസ്. കൃഷ്ണ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.  മൈക്രോബയോം ഗവേഷണ-സംരംഭകത്വ സാധ്യതകളും റെഗുലേറ്ററി മാനദണ്ഡങ്ങളുടെ നവീകരണ ആവശ്യകതകളും പരിപാടിയുടെ പ്രധാന ചര്‍ച്ചാ വിഷയമായി.

പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഐഡിയത്തോണ്‍' മത്സരത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി എസ്. ഗായത്രി, കുഫോസിലെ അധ്യാപിക പ്രീന പി.ജി., എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ഫൈഹ എന്‍., കൊല്ലം ഫാത്തിമ മാത നാഷണല്‍ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. സിനിലാല്‍ ബി. എന്നിവരുടെ ആശയങ്ങള്‍ മികച്ചവയായി തെരഞ്ഞെടുത്ത്. നവസംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

ഗവേഷണമേഖലയെ ശക്തിപ്പെടുത്തിയും ഇന്‍കുബേഷന്‍ സംവിധാനങ്ങള്‍ ഒരുക്കിയും ഭാവിയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് സംഘാടകരുടെ പ്രധാന ലക്ഷ്യം. അക്കാഡമിയ, വ്യവസായം, സംരംഭകര്‍ എന്നിവയുടെ നിര്‍ണായക സഹകരണത്തോടെ കേരളത്തെ ഒരു മൈക്രോബയോം ഹബ്ബായി ഉയര്‍ത്താന്‍ സാധിക്കുമെന്നതാണ് സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്‍റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെയും പ്രതീക്ഷ.


സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like