ഏപ്രിൽ നാല് മുതൽ കെ സ്മാർട്ട് സേവനം മുഴുവൻ പഞ്ചായത്തുകളിലും:
- Posted on February 15, 2025
- News
- By Goutham prakash
- 212 Views
ഏപ്രിൽ നാല് മുതൽ കെ-സ്മാർട്ട് പദ്ധതി സേവനം സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നവീകരിച്ച കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കെ-സ്മാർട്ട് പദ്ധതി നടപ്പാക്കുന്നതോടെ തദ്ദേശ സേവനങ്ങൾ മുഴുവൻ ഓൺലൈനാക്കി മാറ്റുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ പദ്ധതി വിഹിതം നൽകുന്നതിലും കേരളം തന്നെയാണ് ഒന്നാമതെന്നും മന്ത്രി പറഞ്ഞു.
10 സെൻ്റിന് അകത്ത് വരുന്ന 1291 സ്ക്വയർ ഫീറ്റിൽ അധികം വരാത്ത കെട്ടിട്ടങ്ങൾക്ക് തരം മാറ്റാതെ തന്നെ കെട്ടിട നിർമ്മാണ അനുമതി നൽകണമെന്ന നിയമത്തിലെ വ്യവസ്ഥ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഹരിതകർമ്മസേന കേരളത്തിൻ്റെ ശുചിത്വ സൈന്യമാണെന്നും കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ
ഹരിത കർമ്മസേനക്ക് എംസിഎഫ് സൗകര്യങ്ങൾക്കായി 10 സെൻ്റ് സ്ഥലം നൽകുന്നതിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം അങ്ങാടി സൗന്ദര്യവത്കരണ പദ്ധതി സമർപ്പണം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. അസി. എഞ്ചിനീയർ റൂബി നസീർ റിപ്പോർട്ട് അവതരിപ്പിച്ചു.
പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരണത്തിലൂടെ വലിയ മാറ്റമാണ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കൊണ്ടുവന്നത്. ഫ്രണ്ട് ഓഫീസ്, ഹെൽപ്പ് ഡെസ്ക്, ഓഫീസ്, റെക്കോർഡ് റൂം, മീറ്റിംഗ് റൂം, കാത്തിരിപ്പ് കേന്ദ്രം എന്നിവയാണുള്ളത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അരിയിൽ അലവി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുധ കമ്പളത്ത്, എം ധനീഷ് ലാൽ, ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ യു സി പ്രീതി, ശബ്ന റഷീദ്, ചന്ദ്രൻ തിരുവലത്ത്, ഷിയോലാൽ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
ബാബു നെല്ലൂളി, ടി പി മാധവൻ, പി ശിവദാസൻ നായർ, പി കൗലത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷൈജ വളപ്പിൽ, ഷാജി ചോലക്കൽ മീത്തൽ, കെ സുരേഷ് ബാബു, നജീബ് പാലക്കൽ, ഉദ്യോഗസ്ഥർ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽ കുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്ദു എ നന്ദിയും പറഞ്ഞു.
സി.ഡി. സുനീഷ്.
