കോഴിക്കോട് വർണ്ണവിസ്മയമായി കടലോരത്തെ പൂക്കടൽ

കോഴിക്കോട്: വൈവിധ്യമാർന്ന ചെടികളുടെയും പൂക്കളുടെയും വർണ്ണവിസ്മയവുമായി 'കടലോരത്തെ പൂക്കടൽ' ശ്രദ്ധേയമാകുന്നു.  പല നിറത്തിലുള്ള പൂക്കളും ചെടികളും കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന കാലിക്കറ്റ് ഫ്ലവർ ഷോയാണ്‌ കടലോരത്തെ പൂക്കടൽ. പൂക്കളുടെ ഒരു വസന്തകാലം തന്നെയാണ്‌ ബീച്ചിൽ ഒരുക്കിയിട്ടുള്ള ഈ ഫ്ലവർ ഷോയിലുള്ളത്. മുല്ല, പിച്ചി, മന്ദാരം, ജമന്തി മുതൽ ജെനിയം, വെർബിനിയ, കൃസാന്തം ഓൾ സീസൺ ബോഗൺവില്ല തുടങ്ങി ചെടികളുടെ അപൂർവ്വ ശേഖരങ്ങൾക്ക് പുറമെ വിവിധ ഇനം ചെടികളും വിത്തുകളും ഷോയിൽ ലഭ്യമാണ്.

വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പുഷ്പങ്ങൾക്കും ചെടികൾക്കും പുറമെ ജലസസ്യങ്ങൾ മുതൽ ഔഷധസസ്യങ്ങൾ വരെ ഇവിടെയുണ്ട്. 15,000 സ്‌ക്വയർ മീറ്ററിലധികം വരുന്ന പ്രകൃതിരമണീയമായ ഉദ്യാനമാണ് ഷോയുടെ ഭാഗമായി  ഒരുക്കിയിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിവിധ ഇനം അലങ്കാര ചെടികളുടെ വിൽപ്പന സ്റ്റാളുകളും, കാർഷിക ഉപകരണ വിൽപ്പന സ്റ്റാളുകളും ഷോയിലുണ്ട്. പൂക്കൾ ഉപയോഗിച്ചുള്ള വിവിധ മത്സരങ്ങളും മേളയുടെ മാറ്റ് കൂട്ടുന്നു. പൂക്കളുടെ വർണ്ണ വിസ്മയത്തോടൊപ്പം നവരസം തീർക്കാൻ രുചിയേറിയ ഭക്ഷണ വിഭവങ്ങളുടെ ഫുഡ്സ്പോർട്ടും ഇവിടെയുണ്ട്. 

ജനുവരി 29 വരെയാണ് ഫ്ളവർഷോ. എല്ലാ ദിവസവും രാത്രി ഏഴിന് കലാപരിപാടികളും അരങ്ങേറും. വിവിധ വിഷയങ്ങളിൽ കർഷകർക്കായി സെമിനാറുകളും പഠന ക്ലാസ്സുകളും നടക്കും.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like