ഫാസിസത്തിനെതിരെ വിശാല ഐക്യമുന്നണി വേണം: കെ ജി ശങ്കരപ്പിള്ള.
തൃശ്ശൂർ : രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതീരെ വിശാലമായ പ്രതിപക്ഷ ഐക്യനിരയും ഐക്യമുന്നണിയും കെട്ടിപ്പടുക്കണമെന്ന് പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഗൂഢാലോചനക്കും ഫാസിസ്റ്റ് നടപടികൾക്കും എതിരെ "ജനാധിപത്യം അപകടത്തിൽ നിരുപാധികം രാഹുലിനൊപ്പം" എന്ന മുദ്രാവാക്യമുയർത്തി സംസ്കാരിക സാമൂഹ്യ പ്രവർത്തകർ തൃശൂർ തെക്കേഗോപുരനടയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിതര സാധാരണമായ ഫാസിസ്റ്റ് രൂപങ്ങളിലൂടെയാണ് രാജ്യം ഇന്ന് കടന്നുപോകുന്നത്. ജനാധിപത്യവും സ്വാതന്ത്ര്യവും നിലനിൽക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ ഫാസിസത്തിനെതിരായ പ്രതിരോധം സൂക്ഷ്മവും രാഷ്ട്രീയവും സാംസ്കാരികവും ആകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കവി പി എൻ ഗോപികൃഷ്ണൻ, കുസുമം ജോസഫ്, കെ സഹദേവൻ, ജോയ് കൈതാരത്ത്, എൻ ഡി വേണു, കെ കെ ഷാജഹാൻ, അഡ്വക്കേറ്റ് കുക്കു ദേവകി, ഐ ഗോപിനാഥ്, ശശികുമാർ വി കെ, ജയപ്രകാശ് ഒളരി തുടങ്ങിയവർ സംസാരിച്ചു.
സ്വന്തം ലേഖകൻ.