ആഗോള മാധ്യമോത്സവത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും
കൊച്ചി: മികച്ച മാധ്യമപ്രവര്‍ത്തനത്തെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസ്ലോണ്‍ഡ്രി, ന്യൂസ് മിനുട്ട്, കോണ്‍ഫ്ളൂവന്‍സ് മീഡിയ എന്നീ മാധ്യമസ്ഥാപനങ്ങള്‍, കെ.യു.ഡബ്ലിയു.ജെ എന്നിവരുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ആഗോള മാധ്യമോത്സവം
ഐതിഹാസിക ഫോട്ടോ ജേണലിസ്റ്റ് രഘുറായ്-യുടെ അന്താരാഷ്ട്ര ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തോടെ മാര്‍ച്ച് 24-ന് ആരംഭിക്കും. മാര്‍ച്ച് ഇരുപത്തിയഞ്ചിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. വ്യവസായ മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു, ന്യൂസ് മിനുട്ട് എഡിറ്റര്‍ ഇന്‍ ചീഫ് ധന്യാ രാജേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.
മീഡിയ അക്കാദമിയുടെ മൂന്ന് ഉന്നത പുരസ്‌കാരങ്ങള്‍ -ആഗോള ഫോട്ടോഗ്രാഫി പുരസ്‌കാരം-രഘുറായ്, 2022-ലെ ഏറ്റവും മികച്ച മാധ്യമവ്യക്തിത്വം-പാവ്‌ല ഹോള്‍കോവ, മാധ്യമപ്രവര്‍ത്തകര്‍ രചിച്ച ഏറ്റവും മികച്ച ഗ്രന്ഥം-ദ് സൈലന്റ് കൂ-ജോസി ജോസഫ് ഉദ്ഘാടന ചടങ്ങില്‍ സമ്മാനിക്കും.
മലയാളത്തില്‍ ആദ്യ പ്രസിദ്ധീകരണം ഉണ്ടായിട്ട് 175 വര്‍ഷങ്ങള്‍ തികയുന്ന അവസരത്തിലാണ് ഈ ആഘോഷം. തെന്നിന്ത്യയിലെ വൈവിധ്യപൂര്‍ണമായ മാധ്യമ സംസ്‌കാരം ആഘോഷിക്കുന്നതിനുള്ള ശ്രമത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. മാത്രമല്ല, ഗ്ലോബല്‍ സൗത്ത് മേഖലയിലെ തിളക്കമേറിയ പാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ഈ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട കോളനീ കേന്ദ്രീകൃത ആഖ്യാനങ്ങളെ അപനിര്‍മ്മിക്കാനും വേണ്ടിയുള്ള ഒന്നാണിത്.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം മുതല്‍ ദീര്‍ഘരചനകള്‍ വരെയും പുരസ്‌കാരങ്ങള്‍ നേടിയ ഡോക്യുമെന്ററികള്‍ മുതല്‍ സിനിമയും സംസ്‌കാരവും വരെയും ബിസിനസ് ജേണലിസത്തിന്റെ നവീന തരംഗങ്ങള്‍ മുതല്‍ മാധ്യമ ഇടങ്ങളിലുള്ള പുതുമകള്‍ വരെയും മാധ്യമപ്രവര്‍ത്തനത്തിന്റെ സമസ്ത മേഖലകളേയും ബന്ധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
ഉദ്ഘാടന പരിപാടിയുടെ പ്രധാന ആകര്‍ഷങ്ങളിലൊന്ന് 'ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ ജേണലിസം' എന്ന വിഷയത്തില്‍ ജയ്മേ അബേല്ലോ ബാഫ്നിക്കൊപ്പമുള്ള സെഷന്‍ ആയിരിക്കും. മാര്‍ക്കേസിന്റെ ദീര്‍ഘകാല സുഹൃത്തും മാര്‍ക്കേസ് പാരമ്പര്യത്തിന്റെ ജീവിച്ചിരിക്കുന്ന ആധികാരിക മുഖവുമാണ് ഗബോ ഫൗണ്ടേഷന്റെ സി.ഇ.ഒ കൂടിയായ ആയ ജയ്മേ.
ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിഖ്യാത ജേണലിസ്റ്റാണ് പാവ്‌ല ഹോല്‍കോവയ്ക്കാണ് കേരള മീഡിയ അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച മാധ്യമവ്യക്തിത്വത്തിലുള്ള പുരസ്‌കാരം. സഹപ്രവര്‍ത്തകനായിരുന്ന യാന്‍ കുചിയാകിന്റെയും കൂട്ടുകാരി മാര്‍ട്ടിന കിഷ്‌നിറോവയുടേയും കൊലപാതകത്തെ തുടര്‍ന്ന് പാവ്‌ല നടത്തിയ ധീരവും നൂതനവുമായ പത്രപ്രവര്‍ത്തനത്തിന്റെ പേരിലാണ് പാവ്‌ല കൂടുതലും അറിയപ്പെടുന്നത്. ഇതാകട്ടെ ആത്യന്തികമായി സ്ലോവാക് സര്‍ക്കാരിന്റെ പതനത്തിനും ഇടയാക്കി.
യാനിന്റേയും മാര്‍ട്ടിനയുടേയും കൊലപാതകത്തോടുള്ള പാവ്ലയുടെ ധീരമായ പ്രതികരണമായ 'ദ കില്ലിങ് ഓഫ് എ ജേണലിസ്റ്റ്' എന്ന ഫീച്ചര്‍ ഡോക്യുമെന്ററി, ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.
മാധ്യമപ്രവര്‍ത്തനത്തിലുള്ള സമഗ്ര സംഭാവനയ്ക്ക് കേരള സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉന്നത പുരസ്‌കാരമായ സ്വദേശാഭിമാനി പുരസ്‌കാരം ലഭിച്ച മുഴുവന്‍ ആളുകളേയും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ഒരു പ്രത്യേക സെഷനില്‍ ആദരിക്കും. അക്കാദമിയുടെ മാധ്യമ അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിക്കും.
26-ന് അമ്മു ജോസഫിനെക്കുറിച്ച് മീഡിയ അക്കാദമി നിര്‍മ്മിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. 12.30 മുതല്‍ വനിത ജേണലിസ്റ്റ് കോണ്‍ക്ലേവ് നടക്കും.
മാധ്യമപ്രവര്‍ത്തനം എന്ന വിദ്യയക്ക് നിയതമായ രൂപം നല്‍കിയതിന് ഇംഗ്ലീഷ് ലോകത്തോട് ഏവരും കടപ്പെട്ടിരിക്കുന്നു എന്ന ആഖ്യാനം കെട്ടുകൊണ്ടാണ് വളരെക്കാലമായി ജേണലിസം വിദ്യാര്‍ത്ഥികളും അതിന്റെ പ്രയോക്താക്കളും ജീവിക്കുന്നത്. ഗ്ലോബല്‍ സൗത്ത് മേഖലയുടെ ജേണലിസത്തിലുള്ള പാരമ്പര്യത്തെ തിരിച്ച് പിടിക്കുന്നതിന് വേണ്ടിയുള്ള ഒരു ശ്രമം കൂടിയാണ് ഈ മാധ്യമ സമ്മേളനം.
ബോഫോഴ്സ് വിവാദം എങ്ങനെ കണ്ടെത്തി, അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്ത് തരത്തിലുള്ള നാടകീയ പ്രതിഫലങ്ങള്‍ സൃഷ്ടിച്ചുവെന്നതിനെ കുറിച്ച് ചിത്രാ സുബ്രഹ്‌മണ്യന്‍ സംസാരിക്കുന്ന ഒരു സെഷനും ഇതിന്റെ ഭാഗമായി ഉണ്ടാകും. വനിത ജേണലിസ്റ്റുകളുടെ പ്രശ്നങ്ങള്‍ക്കും മാധ്യമ ലോകത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കുന്ന സെഷനും ഉണ്ടായിരിക്കും. ആഗസ്ത്-സെപ്തംബര്‍ മാസങ്ങളില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങോടെ സമാപിക്കും.
സ്വന്തം ലേഖകൻ