വീഡിയോ റീൽസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
- Posted on January 13, 2025
- News
- By Goutham prakash
- 365 Views
കൊച്ചിയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ വീഡിയോ/ റീൽസ് മത്സരത്തിലെ വിജയികളെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ജേതാക്കൾക്കുള്ള പതിനായിരം രൂപ വീതമുള്ള പുരസ്കാര പ്രശസ്തിപത്രവും കോൺക്ലേവിൻ്റെ സമാപനച്ചടങ്ങിൽ സമ്മാനിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
നാലു വ്യക്തിഗത എൻട്രികളും ഒരു ഗ്രൂപ്പ് എൻട്രിയുമാണ് സമ്മാനാർഹമായിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. വി നിരഞ്ജൻ (യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ്), പി എച്ച് നിഷമോൾ (ഗവ. പോളിടെക്നിക് കോളേജ്, വെസ്റ്റ് ഹിൽ, കോഴിക്കോട്), എസ് മുഹമ്മദ് ഷാസിൻ (എപിജെ അബ്ദുൾകലാം സ്കൂൾ ഓഫ് എൻവയോൺമെൻ്റൽ ഡിസൈൻ), കെ. മാധവ് (രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി) എന്നിവരും എസ് അഭിജിത്ത്, അജ്മൽ മുസ്തഫ, വി മിഥുൻ പ്രസാദ്, നിമൽ ബാബു, തരുൺ ജോർജ് ഫിലിപ്പ് എന്നിവരുൾപ്പെട്ട ആലുവ യു സി കോളേജ് ടീമുമാണ് സമ്മാനാർഹരായത്.
സംസ്ഥാനത്തെ ആർട്സ് & സയൻസ്, എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകൾ (സർക്കാർ, സ്വകാര്യ, സ്വാശ്രയ കോളേജുകൾ ഉൾപ്പെടെ), ഐ എച്ച് ആർ ഡി, എൽ ബി എസ് എന്നിവയുടെ കീഴിലുള്ള കോളേജുകൾ, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർവ്വകലാശാലാ കാമ്പസുകൾ എന്നിവയിലെ ബിരുദതലം മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർത്ഥികളും ജീവനക്കാരും ഒറ്റയ്ക്കും ടീമായും പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ പി ആർ ജിജോയ്, ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റിംഗ് വിഭാഗം അസോ. പ്രൊഫസർ കെ ജി രഞ്ജിത് കുമാർ എന്നിവരായിരുന്നു ജൂറി.
തിരഞ്ഞെടുത്ത വീഡിയോകൾ കോൺക്ലേവിന്റെ ഭാഗമായി പ്രദർശിപ്പിക്കും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മത്സരരാർത്ഥിയുടെ/മത്സരാർത്ഥികളുടെ കോളേജിലുണ്ടായിട്ടുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ, പഠന-പഠനേത രംഗത്തുള്ള മികച്ച മാതൃകകൾ, കോളേജിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ എന്നിവ കലാപരമായി ഉൾച്ചേർന്ന റീൽസ്/വീഡിയോകൾ ആണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്.
സ്വന്തം ലേഖിക.
