സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം: മന്ത്രി പി. രാജീവ്‌

  • Posted on March 03, 2023
  • News
  • By Fazna
  • 159 Views

തിരുവനന്തപുരം: സംസ്ഥാനത്ത്‌ തുടക്കമിട്ട സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം ഒരുക്കുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. സംരംഭകരുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദേശിക്കുന്ന സംരഭക ക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ്‌ ഇതിലൊന്ന്‌. നിലവിൽ എല്ലാ ജില്ലയിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്‌. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിച്ചാൽ ഈ ക്ലിനിക്കുകളിൽ പരിഹാരം നിർദേശിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റേണുകൾ എല്ലാ സംരംഭങ്ങളും സന്ദർശിച്ച്‌ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം നിർദേശിക്കുകയാണ്‌ രണ്ടാമത്തെ സംവിധാനം.  നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ലിങ്കേജ്‌ മാതൃകയാണ്‌ മൂന്നാമത്തേത്‌. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടിത്തന്നെ മനസിലാക്കാൻ ഈ സംവിധാനം വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ വ്യവസായ വകുപ്പ്‌ തയ്യാറാക്കിയ ഓൺലൈൻ പരാതി പരിഹാര പോർട്ടലിന്റെ പ്രവർത്തനോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

സർവകലാശാലകളുടെയും കോളേജുകളുടെയും അധികമുള്ള ഭൂമിയിൽ വ്യവസായങ്ങൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കും. സർവകലാശാലകളുടെ ഗവേഷണ ഫലങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പനങ്ങളുടെ വ്യവസായങ്ങൾക്കായിരിക്കും ഇവിടെ മുൻഗണന നൽകുക. 

എട്ടു സ്വകാര്യ വ്യവസായ പാർക്കുകൾക്ക്‌ അനുമതി നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും അധിക ഭൂമിയിൽ വ്യവസായ പാർക്കുകൾ തുടങ്ങാൻ നടപടി ആരംഭിച്ചു. സഹകരണ വകുപ്പ്‌ എല്ലാ ജില്ലകളിലും വ്യവസായ പാർക്കുകൾ ആരംഭിക്കും. ഈ വർഷം എട്ട്‌ പാർക്ക്‌ ആരംഭിക്കും. സംരംഭക വർഷം പദ്ധതി വിജയിച്ചതിനു കാരണം വകുപ്പുകളുടെ ഏകോപനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ്‌, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌, റിയാബ്‌ ചെയർമാൻ ആർ അശോക്‌, ഫിക്കി കേരള പ്രസിഡന്റ്‌ എം ഐ സഹദുള്ള, കെഎസ്‌എസ്‌ഐഎ പ്രസിഡന്റ്‌ നിസാറുദ്ദീൻ, കെഎസ്‌ഐഡിസി എംഡി എസ്‌ ഹരികിഷോർ, കിൻഫ്ര എംഡി സന്തോഷ്‌ കോശി തോമസ്‌ എന്നിവർ സംസാരിച്ചു.


പ്രത്യേക ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like