അനധികൃത നിർമ്മാണ ക്രമവൽക്കരണ ചട്ടപ്രകാരമുള്ള നടപടികൾ പ്രസ്തുത ചട്ടപ്രകാരം തന്നെ തീർപ്പാക്കാൻ നിർദ്ദേശം
- Posted on September 10, 2024
- News
- By Varsha Giri
- 259 Views
2018 ലെ അനധികൃത നിർമ്മാണ ക്രമവൽക്കരണ ചട്ടപ്രകാരം നടപടികൾ തുടർന്നുവരുന്ന എല്ലാ അപേക്ഷകളും പ്രസ്തുത ചട്ടപ്രകാരം തന്നെ നടപടികൾ എടുത്ത് തീർപ്പാക്കേണ്ടതാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അദാലത്തിൽ നിർദ്ദേശിച്ചു. 2024 ൽ പുതിയ ക്രമവൽക്കരണ ചട്ടം നിലവിൽ വന്നതിനെ തുടർന്ന് 2018 ലെ ചട്ട പ്രകാരം നൽകിയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നത് സംബന്ധിച്ച് അവ്യക്തത ഉണ്ടായിരുന്നു. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സി കെ ജെ റെസിഡൻഷ്യൽ കെട്ടിട ഉടമ നൽകിയ പരാതിയിലാണ് തീരുമാനം എടുത്തത്.
ഏറെനാളായിട്ടും ലഭിക്കാത്ത തന്റെ കൊമേഷ്യൽ റെസിഡൻഷ്യൽ കെട്ടിടത്തിന് ഒക്യുപെൻസി ലഭിക്കുന്നതുമായി അനുബന്ധിച്ച് അദാലത്തിനെ സമീപിക്കുകയായിരുന്നു ഗുരുവായൂർ തൈക്കാട് സ്വദേശി ചൊവ്വന്നൂർ വീട്ടിലെ റാഫി.
2015ൽ കെട്ടിടം നിർമ്മിച്ചിട്ടും നാളിതുവരെ ഒക്യുപൻസി അനുവദിക്കാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലായിരുന്നു. വർഷങ്ങളായി തീർപ്പാക്കാൻ സാധിക്കാതിരുന്ന പ്രശ്നം മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ വളരെ പെട്ടെന്ന് തന്നെ തീർപ്പാക്കിയതിന്റെ സന്തോഷത്തിലാണ് കെട്ടിട ഉടമ റാഫി അദാലത്തിൽ നിന്നും തിരികെ പോയത്.
സ്വന്തം ലേഖകൻ
