സിഡ്നിയിൽ ഭീകരാക്രമണം നടത്തിയത് ഇന്ത്യൻ വംശജനും മകനും; സാജിദ് അക്രം ഓസ്ട്രേലിയയിലേക്ക് പോയത് ഹൈദരാബാദിൽ നിന്ന് ബി.കോം ബിരുദം നേടിയ ശേഷം.


 സിഡ്നി സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത സമൂഹത്തിന്റെ ഹനൂക്ക ആഘോഷത്തിൽ പങ്കെടുത്തവർക്കുനേരേയുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 15 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയത് ഹൈദരാബാദ് സ്വദേശിയും മകനുമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 1998 നവംബറിൽ വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിലേക്ക് പോയ സാജിദ് അക്രം, ഇയാളുടെ മകൻ നവീദ് അക്രം എന്നിവരാണ് ഭീകരാക്രമണം നടത്തിയത്. സംഭവത്തെ ഭീകരാക്രമണമെന്നാണ് ഓസ്‌ട്രേലിയൻ പൊലീസ് വിലയിരുത്തിയത്.


1998 നവംബറിലാണ് സാജിദ് അക്രം വിദ്യാർത്ഥി വീസയിൽ ഓസ്‌ട്രേലിയയിലേക്ക് പോയത്. പിന്നീട് ഇയാൾ അവിടെ സ്ഥിരതാമസമാക്കി. ഹൈദരാബാദിൽ നിന്ന് ബി.കോം ബിരുദം നേടിയ ശേഷമായിരുന്നു ഓസ്ട്രേലിയയിലേക്ക് പോയത്. യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെയാണ് സാജിദ് അക്രം വിവാഹം ചെയ്തത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ടെന്നും മകൻ നവീദും മകളും ഓസ്‌ട്രേലിയയിൽ ജനിച്ച പൗരന്മാരാണെന്നും പൊലീസ് വ്യക്തമാക്കി. സാജിദിന് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.


ഇന്ത്യയിലെ ബന്ധുക്കളുമായി സാജിദിന് കഴിഞ്ഞ വർഷങ്ങളിൽ വളരെ പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും 27 വർഷത്തിനിടെ ആറ് തവണ മാത്രമാണ് ഇന്ത്യയിലെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലേക്ക് പോകുന്നതിന് മുൻപ് സാജിദിന്റെ പേരിൽ ക്രിമിനൽ കേസുകളോ സംശയാസ്പദ പ്രവർത്തനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നാമത്തെ ഒരാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്


 അക്രമികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമോ?.


ആക്രമണത്തിന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എഎസ്ഐഒ വിശദമായി അന്വേഷിക്കുകയാണ്. ആറുവർഷം മുൻപ് ഐഎസിന്റെ സിഡ്നി സെല്ലുമായി അക്രമികളിലൊരാൾ ബന്ധപ്പെടുകയുണ്ടായോ എന്നതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, ആക്രമണത്തിൽ മൂന്നാമതൊരു വ്യക്തിയും പങ്കെടുത്തിട്ടുണ്ടോയെന്ന സംശയത്തിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലവും ലക്ഷ്യവും കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.


സംഭവം ഭീകരാക്രമണമാണെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. അക്രമികളുടെ ലക്ഷ്യവും പ്രേരണയും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബീച്ചിന് സമീപം പാർക്ക് ചെയ്തിരുന്ന അക്രമികളുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.


ജൂതരുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ഹനൂക്ക ആരംഭിച്ച ആദ്യ ദിനത്തിലാണ് ആക്രമണം നടന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെ വെടിവയ്പ്പുണ്ടായി. ഹനൂക്ക ആഘോഷങ്ങളുടെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയിരുന്നു. ഇവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവത്തിൽ 29 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇസ്രയേൽ പൗരനാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.


ബീച്ചിനടുത്തുള്ള നടപ്പാലത്തിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ സംപ്രേഷണം ചെയ്തു. അതേ ദൃശ്യങ്ങളിൽ, ഒരാൾ അതീവ ധൈര്യത്തോടെ തോക്കുധാരിയെ നേരിട്ട് നിരായുധനാക്കുന്നതും കാണാം.


ബോണ്ടി ബീച്ചിലെ ആക്രമണം അത്യന്തം ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി  അൽബനീസ് പ്രതികരിച്ചു. ജൂത സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി സർക്കാർ അറിയിച്ചു.


 എന്താണ് ഹനൂക്ക?


ഹനൂക്കയുടെ ആദ്യ ദിവസം ആഘോഷിക്കുന്നതിനിടെയാണ് ബോണ്ടി ബീച്ചിൽ ആക്രമണം നടന്നത്. ഹനൂക്ക ജൂതരുടെ ‘വെളിച്ചത്തിന്റെ ഉത്സവം’ എന്നറിയപ്പെടുന്നു. ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ്, തങ്ങളുടെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശത്തിനായി ഗ്രീക്കുകാർക്കെതിരെ ജൂതന്മാർ നേടിയ വിജയത്തിന്റെ സ്മരണയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. എട്ട് ദിവസത്തെ ആഘോഷത്തിൽ വിളക്കുകൾ തെളിയിക്കുകയും, ഗാനങ്ങളും പ്രാർത്ഥനകളും നടത്തുകയും, കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും.


 അക്രമിയെ സധൈര്യം നേരിട്ടത് അഹമ്മദ് അൽ അഹമ്മദ്.


സിഡ്നിയിൽ പഴക്കച്ചവടം നടത്തുന്ന അഹമ്മദ് അൽ അഹമ്മദാണ് ആക്രമിയെ വെറും കൈകളോടെ നേരിട്ടത്. 43 വയസ്സുള്ള അഹമ്മദിന് ആക്രമണത്തിനിടെ രണ്ട് വെടിയേറ്റതായും അദ്ദേഹം നിലവിൽ സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായും അധികൃതർ അറിയിച്ചു.


ആക്രമി വെടിയുതിർക്കുമ്പോൾ, ആയുധമില്ലാതെ ഒരാൾ ധൈര്യത്തോടെ തോക്കുധാരിയെ നേരിടുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ആ വ്യക്തി അഹമ്മദാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കാറുകളുടെ മറവിൽ നിന്ന ശേഷം ആക്രമിയിലേക്കു ഓടിച്ചെത്തിയ അഹമ്മദ്, ഇയാളെ കഴുത്തിൽ പിടിച്ച് തള്ളിയിടുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ആ ആയുധം ഉപയോഗിച്ച് ആക്രമിയെ നിയന്ത്രണത്തിലാക്കി.


അഹമ്മദിന്റെ സമയോചിതവും ധീരവുമായ ഇടപെടലാണ് അക്രമികളിൽ ഒരാളെ നിരായുധനാക്കാനും കൂടുതൽ വലിയ ദുരന്തം ഒഴിവാക്കാനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സിഡ്നി വെടിവയ്പ്പിലെ ഹീറോയെന്ന നിലയിൽ അഹമ്മദിന് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ പ്രശംസ ലഭിക്കുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർ അഹ്മദ് അൽ അഹ്മദിനെ അഭിനന്ദിച്ചു.


ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഓസ്ട്രേലിയയിലെ വിവിധ മുസ്‌ലിം സംഘടനകളും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തെ അപലപിച്ചു. ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരത്തിലേറെ പേർ എത്തിയിരുന്നു. ഇസ്രയേൽ – പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വെടിവയ്പ് ഉണ്ടായതെന്നും ഇതെക്കുറിച്ചു പലതവണ ഓസ്ട്രേലിയയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നുവെന്നും ഇസ്രയേൽ സർക്കാർ പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like