മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ : രോഗികളുടെ കൂട്ടിരിപ്പുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുങ്ങുന്നു

സി.ഡി. സുനീഷ്


കോഴിക്കോട് : രോഗികളുടെ കൂട്ടിരിപ്പുകാരും സന്ദർശകരും അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർഗനിർദ്ദേശം തയ്യാറാക്കി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.


ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ മാനുഷികമൂല്യങ്ങളും ആർദ്രതയും അനുകമ്പയുമുള്ളവരാകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു.  ഇത്തരത്തിലുളള ഒരു സംസ്കാരം രൂപപ്പെടുത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ ഡയറക്ടർ പുറത്തിറക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.


സർക്കാർ ആശുപത്രികളിൽ രോഗികളുടെ കൂട്ടിരിപ്പുകാർ അനുഭവിക്കുന്ന ദുരവസ്ഥയെകുറിച്ച് കഥാകൃത്ത് ഷിഹാബുദീൻ പൊയ്ത്തുംകടവ് നവമാധ്യമത്തിലെഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.  പരാതികൾ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.


രോഗികളുടെ കൂട്ടിരിപ്പുകാരുടെ പരാതികൾ പരിഹരിക്കുന്നതിനായി ആർദ്രം മിഷൻ വഴി നടപ്പിലാക്കുന്ന അടിസ്ഥാന വികസന സൗകര്യങ്ങൾ ശ്ലാഘനീയമാണെന്ന് ഉത്തരവിൽ പറയുന്നു.  മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രികളിലുമെത്തുന്ന രോഗികളുടെ ബാഹുല്യം കണക്കിലെടുത്തുവേണം സൗകര്യങ്ങൾ വർധിപ്പിക്കണ്ടതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.  ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും ജോലി സമ്മർദ്ദം വിസ്മരിക്കുന്നില്ല.  എന്നാലും ആശങ്കയിലും വ്യാകുലതയിലും ഉത്കണ്ഠയിലും കഴിയുന്ന കൂട്ടിരിപ്പുകാർക്ക് സാന്ത്വനമേകുന്ന സമീപനം ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഭാഗത്തു നിന്നുണ്ടാവണമെന്ന് കെ. ബൈജുനാഥ് നിർദ്ദേശിച്ചു.  കൂട്ടിരിപ്പുകാർക്ക് വൃത്തിയുള്ള താമസ സൗകര്യം ഏർപ്പാടാക്കാൻ ആർദ്രം മിഷനിൽ വിഭാവനം ചെയ്തിട്ടുള്ള വികസനപ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.  ആർദ്രം മിഷൻ പദ്ധതികൾ പൂർണമായി നടപ്പിലാക്കുന്നതോടെ ഇത്തരം പരാതികൾ പരിഹരിക്കാനാവും.  പൊതുജനാരോഗ്യകേന്ദ്രങ്ങളെ രോഗീ സൗഹൃദകേന്ദ്രങ്ങളാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  പൊതുജനങ്ങളിൽ ചിലരുടെ പെരുമാറ്റശൈലി ആരോഗ്യപ്രവർത്തകർക്കിടയിൽ മാനസികസമ്മർദ്ദം വർധിപ്പിക്കുന്നതായും സർക്കാർ അറിയിച്ചു.  ഡയറക്ടറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like