തോൽപ്പാവക്കൂത്തിന്റെ സംവേദനശേഷി പ്രകടമാക്കി ബിനാലെ ശിൽപശാല

കൊച്ചി: "ഒരാൾ പറയുന്നത് അതെത്ര പ്രധാനപ്പെട്ട കാര്യമാണെങ്കിലും കൂട്ടാക്കാത്തവർ പോലും പാവകളുടെ ചലനഭാവഹാദികളോടെ അത് പറയുമ്പോൾ കൗതുകത്തോടെ ശ്രദ്ധിക്കും. അതിൽ മനസിരുത്തും. അതാണ് പാവക്കൂത്തിന്റെ സാർവലൗകിക പ്രസക്തി" -  പാവക്കൂത്ത് രംഗത്തെ പ്രമുഖൻ വിശ്വനാഥ പുലാവർ ഈ മാധ്യമത്തിന്റെ ചൂണ്ടിക്കാട്ടി. 

ബിനാലെയുടെ ആർട്ട് ബൈ ചിൽഡ്രൻ പ്രോജക്റ്റിലെ ആർ്ട്ടറൂമിന്റെ ഭാഗമായി ഫോർട്ടുകൊച്ചി കബ്രാൾ യാർഡിൽ തോൽപ്പാവക്കൂത്തും പാവകളിയിലെ കൗശലവും സംബന്ധിച്ച ത്രിദിന ശിൽപശാലയ്ക്കു നേതൃത്വം നൽകുന്ന അദ്ദേഹം ആമുഖമായി സംസാരിക്കുകയായിരുന്നു. തോൽപ്പാവക്കൂത്തിൽ 13 തലമുറകളുടെ പാരമ്പര്യമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിൽ എല്ലാവരും ഈ രംഗത്ത് സജീവം. ഭാര്യ പുഷ്‌പലത, മകൻ വിപിൻ, മരുമകൾ രമ്യ എന്നിവരും വിശ്വനാഥനൊപ്പം ബിനാലെയിലെ ശിൽപശാലയിൽ പരിശീലനം നൽകാനുണ്ട്. 

പ്രായഭേദമെന്യ എല്ലാവരുടെയും സർഗാത്മകത തോൽപ്പാവക്കൂത്തിലൂടെ പരിപോഷിപ്പിക്കാനാണ് ശിൽപശാലയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫോക്‌ലോർ അക്കാദമി അവാർഡ്, ഫെലോഷിപ്പ് ജേതാവായ വിശ്വനാഥ പുലാവർ പറഞ്ഞു. ആദ്യം പേപ്പറിൽ രൂപങ്ങൾ വരച്ചശേഷം തോലിൽ പകർത്തി പാവയും സ്ക്രിപ്റ്റും തയ്യാറാക്കിയ ശേഷം അവതരിപ്പിക്കുന്നതു വരെയുള്ള ഓരോഘട്ടത്തിലും മൂന്നുദിവസം കൊണ്ട് പരിശീലനം നൽകുന്നു.

മാൻ തൊലിലായിരുന്നു നേരത്തെ പാവകൾ തീർത്തിരുന്നത്. മാൻവേട്ടയ്ക്ക് നിരോധനം വന്നതോടെ ഇപ്പോൾ ആടിന്റേയും കാളയുടെയും തോലിലാണ് പാവകൾ ഒരുക്കുന്നത്. കഥാപാത്രങ്ങളുടെ രൂപത്തിൽ വെട്ടിയുണ്ടാക്കുന്ന തോലിൽ സൂക്ഷ്‌മ അംശങ്ങൾ പോലും ചോരാതെ ചിത്രപ്പണികൾ ഒരുക്കും. ലോകത്ത് പാവക്കൂത്തിൽ ഏറ്റവുമധികം ചിത്രവേല ഉപയോഗിക്കുന്നത് കേരളീയ പാരമ്പര്യത്തിലാണ്. 

ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു പോന്ന 'ആടൽപ്പറ്റ്' എന്ന തോൽപ്പാവക്കൂത്തിലൂടെ ഏത് വിഷയവും സംവദിക്കാനും ബോധവത്കരിക്കാനും കഴിയുമെന്ന് വിശ്വനാഥ പുലാവർ വിശദീകരിച്ചു. ആടൽപ്പറ്റ് എന്നാൽ പാവകളെ ചേർത്ത് കളിപ്പിക്കുക എന്നർത്ഥം. ഇപ്പോൾ കമ്പരാമായണത്തെ ആസ്‌പദമാക്കിയാണ് ഇപ്പോൾ തോൽപ്പാവക്കൂത്ത് അവതരണം. ആസ്വദിക്കുന്ന ജനങ്ങൾക്കും ഭാഗഭാക്കാനാകുന്ന ജനകീയ കലയാണെന്നത് ഏറ്റവും മുഖ്യ സവിശേഷത. 

വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് പാവകളി വളരെയേറെ ഉപയോഗിക്കുന്നുണ്ടെന്ന് 32 വിദേശരാജ്യങ്ങളിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ച വിശ്വനാഥ പുലാവർ പറഞ്ഞു. ക്ളാസുമുറികളുടെ വിരസതയകറ്റാനും കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനും പാവകളി സഹായിക്കുന്നുവെന്നും സർഗാത്മകത വളർത്തുന്നുവെന്നുമാണ് വിദേശങ്ങളിലെ വിലയിരുത്തൽ. ലഹരിക്കെതിരായ ഉൾപ്പെടെ ബോധവത്കരണത്തിന് ഏറ്റവും പ്രായോഗികമായ മാധ്യമമാണ് പാവക്കൂത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്ത് സിനിമകളിൽ പാവകളി അവതരിപ്പിച്ചു. ആദ്യമായി തോൽപ്പാവക്കൂത്ത് കലാകാരന്മാരുടെ ജീവിതം പ്രമേയമാക്കിയ നിഴലാഴം സിനിമയ്ക്ക് എല്ലാ സഹായവും നൽകിയതും പുലാവർ കുടുംബം. വിശ്വനാഥന്റെ ഭാര്യ പുഷ്‌പലതയാണ് തോൽപ്പാവക്കൂത്ത് രംഗത്ത് ആദ്യം കടന്നുവന്ന വനിത. ആയിരം പാവകളെ നിർമ്മിച്ചുകഴിഞ്ഞ അവർ, ഫോക്ക്‌ലോർ അക്കാദമി അവാർഡ് നേടി. യുവകലാകാരന്മാർക്കുള്ള അവാർഡ് ജേതാവാണ് മകൻ വിപിൻ. നാളെ (ജനുവരി 15)  അവസാനിക്കുന്ന ശിൽപശാലയിൽ പ്രവേശനം സൗജന്യം.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like