തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു.
- Posted on May 10, 2021
- Cinema
- By Deepa Shaji Pulpally
- 675 Views
തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താൻ എന്ന് മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഹൃദയാഘാതത്തെതുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വിടവാങ്ങി. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സൃഷ്ടാവായ അദ്ദേഹം ഇന്ത്യൻ സിനിമയ്ക്കു തന്നെ മുതൽക്കൂട്ടായിരുന്നു. 1980, 1990 കളുടെ തുടക്കത്തിൽ സിനിമയിൽ സജീവമായിരുന്ന അദ്ദേഹം സംവിധായകരായ ജോഷി, തമ്പി കണ്ണന്താനം എന്നിവരുമായി സഹകരിച്ചും ഒരു പിടി മികച്ച സിനിമകൾക്ക് പിറവി നൽകി. നിറക്കൂട്ട് ( 1955), രാജാവിന്റെ മകൻ (1986 ), ശ്യാമ(1986), ന്യൂഡൽഹി (1987 ), നമ്പർ 20 മദ്രാസ് മെയിൽ (1990 ), കോട്ടയം കുഞ്ഞച്ചൻ (1990 ), ആകാശദൂത് (1993 ), പാളയം( 1994 ), എഫ് ഐ ആർ (1999) തുടങ്ങി നിരവധി പ്രമുഖ സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മനു അങ്കിൾ ഉൾപ്പെടെ 5 ചിത്രങ്ങളും ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്.
അദ്ദേഹത്തെ കുറിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ…
പ്രണാമം ഡെന്നീസ്. . .