രണ്ട് വര്‍ഷത്തെ ഏകാന്തവാസത്തിത്തിനൊടുവിൽ മോമോ പ്രസവിച്ചു; ഒടുവില്‍ അച്ഛനെ കണ്ടെത്തി
- Posted on February 06, 2023
- News
- By Goutham Krishna
- 285 Views

ജപ്പാൻ: ജപ്പാനിലെ സൈക്കായി നാഷണൽ പാർക്കിൽ മൃഗങ്ങളെ ഏകാന്തവാസത്തിലാണ് താമസിപ്പിച്ചിരുന്നത്. എന്നാല്‍, 2021 ഫെബ്രുവരിയിൽ മൃഗശാലയിലെ 12 കാരിയായ മോമോ എന്ന ഗിബ്ബണ്‍ കുരങ്ങ് ഗര്‍ഭിണിയായി. മൃഗശാല അധികൃതരെ ഇത് ആകെ പ്രശനത്തിലാക്കി. ജപ്പാനിലെ സൈകായി നാഷണൽ പാർക്ക് കുജുകുഷിമ സൂ & ബൊട്ടാണിക്കൽ ഗാർഡനിലെ അധികാരികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങളെ കുഴക്കിയ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിലുള്ള ആശ്വാസത്തിലാണ്. ഒരു പക്ഷേ മൃഗശാലയുടെ ചരിത്രത്തില്‍ ഇത്തരമൊരു കുഴപ്പം പിടിച്ച കേസ് ഉണ്ടായിട്ടില്ല. കേസ് എന്താണന്നല്ലേ? 2021 ലാണ് പ്രശ്നം ആരംഭിക്കുന്നത്. കിഴക്കൻ ബംഗ്ലാദേശ് മുതൽ വടക്കുകിഴക്കൻ ഇന്ത്യ, തെക്കൻ ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഗിബ്ബണ്‍ കുരങ്ങളുടെ ഒരു കൂട്ടം കുജുകുഷിമ സൂ & ബൊട്ടാണിക്കൽ ഗാർഡനിലും ഉണ്ട്. ഇവിടെ മൃഗങ്ങളെ ഏകാന്തവാസത്തിലാണ് താമസിപ്പിച്ചിരുന്നത്. എന്നാല്‍, 2021 ഫെബ്രുവരിയിൽ മൃഗശാലയിലെ 12 കാരിയായ മോമോ എന്ന ഗിബ്ബണ്‍ കുരങ്ങ് ഗര്‍ഭിണിയായി. മൃഗശാല അധികൃതരുടെ കണ്ണ് തള്ളി! രണ്ട് വര്‍ഷമായി ഏകാന്ത ജീവിതം നയിക്കുന്ന മോമോ എങ്ങനെ ഗര്‍ഭിണിയായി? എന്നതായിരുന്നു മൃഗശാല അധികൃതരെ ആശ്ചര്യപ്പെടുത്തിയത്.
ഒടുവില്‍ 'ദിവ്യ ഗര്‍ഭ'ത്തിന് ഉത്തരവാദിയാര് എന്ന അന്വേഷണം മൃഗശാലാ അധികൃതര്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തെ നിരന്തരമായ അന്വേഷണത്തിനൊടുവില്‍ ആ ഗര്‍ഭത്തിന്‍റെ ഉത്തരവാദിയെ തങ്ങള്‍ കണ്ടെത്തിയെന്നാണ് ഇപ്പോള്‍ മൃഗശാല അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ അച്ഛനാരെന്നറിയാല്‍ ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു. മോമോയുടെ കൂടിന് സമീപത്തായി നാല് ആണ്‍ ഗിബ്ബണ്‍ കുരങ്ങുകളെ കൂടി പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം തന്നെ ഏകാന്തവാസത്തിലുമായിരുന്നു. ഈ ആണ്‍ ഗിബ്ബണുകളുടെയും മോമോയുടെ കുഞ്ഞിന്‍റെയും മുടിയും വിസർജ്യവും ശേഖരിച്ച്, ക്യോട്ടോ സർവകലാശാലയിൽ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു.
പരിശോധനാ ഫലം എത്തിയപ്പോള്‍ 34 വയസ്സുള്ള ഇറ്റോ എന്ന ഗിബ്ബൺ കുരങ്ങാണ് അച്ഛനെന്ന് തെളിഞ്ഞു. പക്ഷേ, ഏങ്ങനെ എന്ന ചോദ്യം മാത്രം അവശേഷിച്ചു. ഒടുവില്‍ ആ രഹസ്യവും മൃഗശാലാ അധികൃതര്‍ കണ്ടെത്തി. ഗിബ്ബണികളെ സഞ്ചാരികളെ കാണിക്കാനായി പ്രത്യേക പ്രവേശന കവാടത്തിലൂടെ കടത്തിവിടാറുണ്ടായിരുന്നു. ഈ ഇടനാഴി ഏറെ സുഷിരങ്ങളുള്ള ബോര്‍ഡുപയോഗിച്ചാണ് വേര്‍തിരിച്ചിരുന്നത്. 9 മില്ലിമീറ്റർ (0.35 ഇഞ്ച്) വ്യാസമുള്ള ദ്വാരങ്ങള്‍ ഈ ബോര്‍ഡിനുണ്ടായിരുന്നെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. പ്രദര്‍ശനത്തിനായി കൊണ്ടുപോകുന്നതിനിടെ ഈ വിടവുപയോഗിച്ചായിരിക്കാം ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. വിടവ് കണ്ടെത്തിയതിന് പിന്നാലെ അധികൃതര്‍ അത് അടച്ചു. ഇത് പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍, മോമോയ്ക്കും കുങ്ങിനും ഇറ്റോയോടൊപ്പം കഴിയാനുള്ള സാഹചര്യമൊരുക്കുമെന്നും അതിനായി ഇരുവരെയും ആദ്യം പരസ്പരം പരിചയപ്പെടുത്തേണ്ടതുണ്ടെന്നുമാണ് ഇപ്പോള്‍ മൃഗശാലാ അധികൃതര്‍ പറയുന്നത്.
പ്രത്യേക ലേഖിക.