വിവര സാങ്കേതിക വിദ്യയെ ഗുണപരമായി ഉപയോഗപ്പെടുത്താന്‍ പരിശീലിക്കണം - കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി
- Posted on July 18, 2025
- News
- By Goutham prakash
- 77 Views

*സി.ഡി. സുനീഷ്*
നിലമ്പൂര്‍: വരും കാലങ്ങളില്‍ വിവര സാങ്കേതിക വിദ്യയെ രാഷ്ട്രത്തിന്റെ സൃഷ്ടിപരമായ നിര്‍മിതിക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിലാവണം വിദ്യാര്‍ഥികളും അധ്യാപകരും പരിശീലനം നേടേണ്ടത് എന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു. PMJVK പദ്ധതിക്ക് കീഴിൽ നിലമ്പൂർ അമല്‍ കോളജ് ക്യാമ്പസില്‍ നിര്‍മിച്ച സ്‌കില്‍ സെന്റില്‍ ആരംഭിച്ച നൈപുണ്യ കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്നത് നിർമ്മിതബുദ്ധിയുടെ കാലഘട്ടമാണ്. സര്‍ട്ടിഫിക്കറ്റ് കൊണ്ട് മാത്രം കാര്യമില്ല. കഴിവുള്ള ആളുകള്‍ക്ക് മാത്രമേ ജോലി നിലനില്‍ക്കുകയുള്ളൂ. അതുകൊണ്ട് സാധാരണ ഡിഗ്രി കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാർത്ഥികൾ എല്ലാവരും തന്നെ നൈപുണ്യ കോഴ്‌സുകളും പരിശീലിക്കണം. പ്രവൃത്തി പരിചയം വഴി പെട്ടെന്ന് ജോലി ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ ഇത്തരം കോഴ്‌സുകള്‍ പ്രയോജനപ്പെടുത്തണം. വ്യക്തികളുടെ വിവിധ തരത്തിലുള്ള കഴിവുകള്‍ സ്വയം പരിശീലനത്തിലൂടെ പരിപോഷിക്കുന്നതിനായി നൈപുണ്യ വികസന കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷനായി. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, അമല്‍ കോളജ് പ്രിന്‍സിപ്പൽ പ്രൊഫ. ഡോ.കെ.പി മുഹമ്മദ് ബഷീര്‍, പി.വി അലിമുബാറക്, പി.വി ജാവേദ് അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി മറ്റൊരു ചടങ്ങിൽ അങ്കണവാടികളിൽ നൂറു ശതമാനം ആധുനികവൽക്കരണം കൈവരിച്ച ആദ്യ നഗരസഭയായി കേന്ദ്ര മന്ത്രി മലപ്പുറം നഗരസഭയെ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് അംഗൻവാടി പദ്ധതിക്ക് കീഴിൽ, കേന്ദ്ര ഫണ്ടിനൊപ്പം നഗരസഭയുടെ തനത് ഫണ്ടും ഉൾപ്പെടെ രണ്ടു കോടി നാൽപ്പത്തിഅഞ്ച് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നഗരസഭ പൂർത്തിയാക്കിയത്.
തുടർന്ന്, മറ്റൊരു ചടങ്ങിൽ ജൻ ശിക്ഷൺ സൻസ്ഥാന്റെ (ജെ.എസ്.എസ്) ഗുണഭോക്തൃസംഗമം, ദിശ എക്സിബിഷൻ എന്നിവയുടെ ഉദ്ഘാടനം മലപ്പുറം ടൗൺഹാളിൽ ജയന്ത് ചൗധരി നിർവഹിച്ചു. ആശ്രയമില്ലാത്തവരുടെ പ്രതീക്ഷയാണ് ജൻ ശിക്ഷൺ സൻസ്ഥാൻ എന്ന് അദ്ദേഹം പറഞ്ഞു. ചിട്ടയായ പരിശീലനങ്ങളിലൂടെ ആളുകളെ തൊഴിലുകളിൽ നൈപുണ്യമുള്ളവരാക്കാൻ നമുക്ക് സാധിക്കും. ഇക്കാര്യത്തിൽ മലപ്പുറം ജെ എസ് എസിൻ്റെ പ്രവർത്തനം മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സാമ്പത്തിക വർഷം പരിശീലനം പൂർത്തീകരിച്ച 1,800 ഗുണഭോക്താക്കൾക്കായുള്ള സർട്ടിഫിക്കറ്റ് വിതരണവും ഈ വർഷത്തെ 90 ബാച്ചുകളിലായി 1,800 ഗുണഭോക്താക്കൾക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.