കൊവിഡ് വ്യാപനം; 'നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രതയും മുന്‍കരുതലും തുടരണം': ഐഎംഎ.
- Posted on April 03, 2023
- News
- By Goutham Krishna
- 172 Views
തിരു : കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതെന്നും, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫിക്കര്‍ നൂഹു പറഞ്ഞു. നിലവിലെ തരംഗം ശക്തി കുറഞ്ഞതാണെന്നും ആര്‍ജ്ജിത പ്രതിരോധ ശേഷി ഗുണം ചെയ്യുമെന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി. സംസ്ഥാനത്ത് ജാഗ്രതയും മുന്‍കരുതലും തുടരണമെന്ന് ഐഎംഎ ഓര്‍മ്മിപ്പിച്ചു. പ്രായമായവരും രോഗികളും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഐഎംഎ സര്‍ക്കാരിന് വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സംസ്ഥാനത്ത് കൂടുതല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ഐഎംഎ പറഞ്ഞു. മറ്റ് വകഭേദങ്ങള്‍ ഉണ്ടോയെന്നറിയാന്‍ ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തണം. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സാ സംവിധാനം ഉറപ്പു വരുത്തണമെന്നും ഐഎംഎ വ്യക്തമാക്കി.
സ്വന്തം ലേഖകൻ.