വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്റ് ബുക്കായി.

തിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക് സംരംഭകത്വ വിജ്ഞാനം പകര്‍ന്നു നല്‍കുക, സംരംഭങ്ങള്‍ തുടങ്ങുന്നതിനു വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യുക എന്നീ ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പുറത്തിറക്കിയ ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരുന്നു പ്രകാശനം.


വനിത സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് കെഎസ് യുഎം പുറത്തിറക്കിയ ഹാന്‍ഡ്ബുക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍, വിവിധ പദ്ധതികള്‍ എന്നിവയെല്ലാം ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു.


https://startupmission.kerala.gov.in/ecosystem എന്ന വെബ് ലിങ്കില്‍ നിന്ന് ഹാന്‍ഡ്ബുക്ക് വായിക്കുകയും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.


സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലേക്ക് വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്‍റെ ഭാഗമായാണ് എല്ലാ വിവരങ്ങളും സമഗ്രമായി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ ഹാന്‍ഡ്ബുക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പുറത്തിറക്കിയതെന്ന് സിഇഒ അനൂപ് അംബിക പറഞ്ഞു. കാലാകാലങ്ങളില്‍ ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, പുതുമകള്‍, പുതിയ പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇതില്‍ കൃത്യമായ ഇടവേളകളില്‍ പുതുക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കെഎസ് യുഎം, വാണിജ്യ-വ്യവസായ ഡയറക്ട്രേറ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍, കെഎഫ്സി, കെഎസ്ഐഡിസി എന്നിവയുടെ പദ്ധതികള്‍, കേന്ദ്രസര്‍ക്കാരിന്‍റെ എംഎസ്എംഇ, എന്‍ബിസിഎഫ് ഡിസി, സാമൂഹ്യനീതി ശാക്തീകരണം, വനിതാ ശിശുവികസനം, ധനകാര്യം, ന്യൂനപക്ഷകാര്യ എന്നീ മന്ത്രാലയങ്ങള്‍, സിഡ്ബി, ബയോ ഇഗ്നിഷന്‍ ഗ്രാന്‍റ്, സ്റ്റാന്‍റപ്പ് ഇന്ത്യ എന്നീ പദ്ധതികള്‍, ബാങ്കിംഗ് മേഖലയിലെ വിവിധ പദ്ധതികള്‍, വ്യാവസായിക കൂട്ടായ്മകളുടെ പദ്ധതികളായ സെയില്‍സ് ഫോഴ്സ്, നാസ്കോം ഫൗണ്ടേഷന്‍, ടൈ, വിമന്‍ ഒണ്‍ട്രപ്രണര്‍ നെറ്റ് വര്‍ക്ക് തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.


ഒറ്റ ഹാന്‍ഡ്ബുക്കിലൂടെ വനിതാ സ്റ്റാര്‍ട്ടപ്പ് സംബന്ധിച്ച സമഗ്രവിവരങ്ങളും സംശയം കൂടാതെ മനസിലാക്കാം എന്നാണ് ഇതിന്‍റെ പ്രത്യേകത.


നൂതന സാങ്കേതികവിദ്യയുടെ വികസനത്തിനും സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കുള്ള സ്റ്റാര്‍ട്ടപ്പ് സംസ്കാരം രൂപപ്പെടുത്തുന്നതിനും അതു വഴി സംസ്ഥാനത്തെ ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതിനും മുഖ്യപങ്കാണ് കെഎസ് യുഎം വഹിക്കുന്നതെന്ന് അനൂപ് അംബിക പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സമീപനമാണ് കെഎസ് യുഎം എന്നും മുന്നോട്ടുവച്ചിട്ടുള്ളത്. സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, പ്രാദേശിക സംരംഭകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് കെഎസ് യുഎമ്മിന്‍റെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.


അനൂപ് അംബികയെ കൂടാതെ കെഎസ് യുഎം മാനേജര്‍ സൂര്യ തങ്കം, അസി. മാനേജര്‍മാരായ അഷിത വി എ, ആദിത്യ എസ് വി തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.



സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like