കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തു.

  • Posted on March 10, 2023
  • News
  • By Fazna
  • 156 Views

തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം  ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരള പോലീസ് ആക്ടിലെ 86 (3) വകുപ്പ് അനുസരിച്ചാണ് നടപടി.ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ഈ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പോലീസ് മേധാവി അദ്ദേഹത്തെ നേരില്‍ കേട്ട് വാദങ്ങള്‍ വിലയിരുത്തുകയുണ്ടായി. അവ പരിഗണിച്ച സംസ്ഥാന പോലീസ് മേധാവി ആ വാദഗതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉടനടി പ്രാബല്യത്തില്‍ വരത്തക്കവിധം സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷണനടപടികള്‍ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാല്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു (behaviourally unfit) കണ്ടെത്തിയാണ് നടപടി. ഈ ഓഫീസര്‍ 2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെന്‍ഷനില്‍ ആവുകയും 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തല്‍, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് ഈ നടപടികള്‍ നേരിട്ടത്.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Fazna

No description...

You May Also Like