തിരുവാണിയൂരിൽ സി.ബി.എസ്.ഇ. സ്കൂളിൽ വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായി ജീവനൊടുക്കിയ സംഭവം അടിയന്തര നിയമനടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി ശിവൻകുട്ടി.
- Posted on February 01, 2025
- News
- By Goutham prakash
- 210 Views
എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ സി.ബി.എസ്.ഇ. സ്കൂളിൽ വച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായതിനെ തുടർന്ന് ജീവനൊടുക്കിയെന്ന അമ്മയുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പോലീസ് ഇക്കാര്യത്തിൽ അടിയന്തര നിയമനടപടികൾ കൈക്കൊള്ളും.
സംസ്ഥാനത്തെ ഓരോ സ്കൂളും സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവിടങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷിക്കാനും മേൽ നടപടികൾ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ, അത് ഏത് സ്ട്രീമിൽപ്പെട്ട സ്കൂൾ ആകട്ടെ, സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെ അടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കും.
