ഉപയോഗിച്ചാൽ മാത്രം വൈദ്യുതി ബില്‍; സ്‌മാര്‍ട്ട് മീറ്റര്‍ പദ്ധതി കേരളത്തിൽ നടപ്പിലാക്കും.
- Posted on January 23, 2023
- News
- By Goutham Krishna
- 244 Views

തിരുവനന്തപുരം: ഉപയോഗിച്ച വൈദ്യുതിയും അതിന്റെ തുകയും കാണിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ വരുന്ന ഏപ്രില്‍ മുതല്‍ കേരളത്തിലും നിലവില്‍വരും.കെ.എസ്.ഇ.ബിക്ക് നല്ല വരുമാനമുള്ള പതിനാല് ഡിവിഷനുകളിലെ 37ലക്ഷം കണക്‌ഷനുകളിലാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. ഇത് നടപ്പാക്കുമ്പോൾ നിലവിലുള്ള സ്ലാബ് സമ്പ്രദായം ഇല്ലാതാവും. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണമടച്ചാല്‍ മതിയെന്ന ഗുണവുമുണ്ട്. ഫിക്സഡ് ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ രാത്രി നിരക്ക് കൂടുതലായിരിക്കും. മീറ്റര്‍ സ്ഥാപിക്കുന്നതും വൈദ്യുതി ബില്‍ ഈടാക്കുന്നതും സ്വകാര്യ സ്ഥാപനമാണ്. കെ.എസ്.ഇ.ബിക്ക് പണം കൈമാറുന്നത് ഈ സ്ഥാപനമായിരിക്കും. പുതിയ കണക്‌ഷന്‍, അറ്റകുറ്റപ്പണികള്‍, വൈദ്യുതി വിതരണം തുടങ്ങിയ ചുമതലകള്‍ കെ.എസ്.ഇ.ബി തുടരും. കേന്ദ്രം നിര്‍ദ്ദേശിച്ച പാനലിലുള്ള ഡല്‍ഹി ആസ്ഥാനമായ ആര്‍.ഇ.സി.പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്കാണ് നടത്തിപ്പ് ചുമതല.
അടുത്ത ആറു മാസത്തിനുള്ളില്‍ അടുത്തഘട്ടം നടപ്പാക്കും. സര്‍ക്കാര്‍, വ്യവസായ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, വ്യാപാരശാലകള്‍, മാസം 200യൂണിറ്റില്‍ കൂടുതലുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ എന്നിവർക്ക് ആ സമയത്ത് സ്മാര്‍ട്ട് മീറ്റര്‍ വയ്ക്കുന്നത്. സ്വകാര്യ വത്കരണമാണെന്ന് പറഞ്ഞ് ഇടതു യൂണിയനുകളുടെ എതിര്‍പ്പിനിടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം ഉയര്‍ത്താനും കെ.എസ്.ഇ.ബിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനും പദ്ധതി അനിവാര്യമാണെന്ന് ബോധ്യമായതോടെ മന്ത്രിസഭയാണ് അനുകൂല തീരുമാനമെടുത്തത്.
ഡോ. ബി. അശോക് ചെയര്‍മാനായിരുന്ന കാലത്ത് സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇടതുസംഘടനകള്‍ എതിര്‍ത്തതോടെ പിന്നീട് വന്ന മാനേജ്മെന്റ് പിന്‍മാറി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രീപെയ്ഡോ,പോസ്റ്റ് പെയ്ഡോ തിരഞ്ഞെടുക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രീപെയ്ഡ് മീറ്റര്‍ നൽകും. വീട് പൂട്ടിക്കിടന്നാലും വൈദ്യുതി ഉപയോഗിക്കാതിരുന്നാലും ചാര്‍ജ് ഇല്ല. വൈകിട്ട് 6മുതല്‍ 10വരെ വൈദ്യുതി നിരക്ക് കൂടും.
മാെബൈല്‍ പോലെ ചാര്‍ജ് തീര്‍ന്നാല്‍ ഡിസ് കണക്ടാവും. റീചാര്‍ജ് ചെയ്താല്‍ കണക്‌ഷന്‍ ആ നിമിഷം പുനഃസ്ഥാപിക്കും ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുടിശിക വരുത്തിയാലും കറണ്ട് പോകും.
സ്വന്തം ലേഖകൻ