ജൈവസാക്ഷ്യപത്രം നേടി കര്‍ഷകര്‍
- Posted on March 15, 2025
- News
- By Goutham prakash
- 261 Views
ജൈവ കൃഷിക്ക് പ്രചാരമേറുന്നു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആത്മ മുഖേന ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കുന്ന ജൈവ സര്‍ട്ടിഫിക്കേഷന്‍ നേടി ജില്ലയിലെ 3359 കര്‍ഷകര്‍. പാര്‍ട്ടിസിപ്പേറ്ററി ഗ്യാരണ്ടി സിസ്റ്റം എന്ന പദ്ധതി അനുസരിച്ചാണ് ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് സൗജന്യമായി സാക്ഷ്യപത്രം നല്‍കുന്നത്.
ജില്ലയില്‍ 3359 കര്‍ഷകര്‍ സാക്ഷ്യപത്രം നേടിയതോടെ ആയിരത്തോളം ഹെക്ടറില്‍ ജൈവകൃഷി ആരംഭിക്കുകയും ചെയ്തു. പിജിഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ജൈവകൃഷി ചെയ്യുന്ന കര്‍ഷകര്‍ /കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവരാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
കര്‍ഷകര്‍ തങ്ങളുടെ അപേക്ഷകള്‍ പിജിഎസ് പോര്‍ട്ടലില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണം. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷിയിടം സന്ദര്‍ശിച്ച് വിലയിരുത്തും. ഇതിന് ശേഷം റീജണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കും.
കൃഷിയിടങ്ങള്‍ പരിശോധിച്ച് പലഘട്ടങ്ങളിലായി ജൈവ കൃഷി എന്ന് ഉറപ്പുവരുത്തിയ ശേഷം മൂന്നാം വര്‍ഷത്തിലാണ് കൃഷിസ്ഥലത്തെ ജൈവ കൃഷിയിടമായി സാക്ഷ്യപ്പെടുത്തുന്നത്. ഇതോടെ കര്‍ഷകര്‍ക്ക് ജൈവ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലയും വിപണനവും ലഭിക്കുന്നു. തികച്ചും സൗജന്യമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അടുത്തുള്ള കൃഷിഭവനുമായി കര്‍ഷകര്‍ക്ക് ബന്ധപ്പെടാം.
