*ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ്‍ ഈ മാസം മുതല്‍ ആലപ്പുഴയിൽ

                                                                                                                                                                   


*സി.ഡി. സുനീഷ്*



തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം ലക്കത്തിന് സെപ്റ്റംബര്‍ 19ന് ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ തുടക്കമാകും. 14 മത്സരങ്ങള്‍ ഉള്ള സിബിഎല്ലിന് ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സമാപനമാകും.


കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈന്‍ ഡ്രൈവ്, തൃശ്ശൂര്‍ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങള്‍ക്കൊപ്പം ഇക്കുറി വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍, കണ്ണൂര്‍ ധര്‍മ്മടം, കോഴിക്കോട് ബേപ്പൂര്‍, എന്നിവിടങ്ങളിലും സിബിഎല്‍ മത്സരങ്ങള്‍ നടത്തുന്നുണ്ട്. കാസര്‍കോഡ് ആദ്യമായാണ് സിബിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്.


കഴിഞ്ഞ നാല് സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വള്ളങ്ങളാണ് വിജയികളായത്. ഇക്കുറി നെഹൃ ട്രോഫിയില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം പള്ളാത്തുരുത്തിയെ അട്ടിമറിച്ച് കിരീടമണിഞ്ഞിരുന്നു. അതിനാല്‍ തന്നെ അഞ്ചാം സീസണില്‍ തുഴയ്ക്ക് തീപിടിക്കുന്ന മത്സരങ്ങലാണ് വള്ളംകളി പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.


വള്ളംകളിയുടെ പ്രശസ്തിയെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രാജ്യാന്തര തലത്തിലേക്കുയര്‍ത്തിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആദ്യ സീസണില്‍ നിന്ന് നാലാം സീസണിലേക്കെത്തിയപ്പോള്‍ ആരാധകവൃന്ദം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിബിഎല്‍ വേദികളിലേക്കെത്തുന്നുണ്ട്. ഇത് വര്‍ധിപ്പിക്കുകയാണ് ടൂറിസം വകുപ്പിന്‍റെ ലക്ഷ്യമന്നും മന്ത്രി പറഞ്ഞു.


സിബിഎല്ലിന്‍റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനതല സംഘാടക സമിതി യോഗം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ടൂറിസം സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടക്കും. സിബിഎല്ലിന്‍റെ സക്രിയമായ നടത്തിപ്പിന് സിബിഎല്‍ ലിമിറ്റഡ് രൂപീകരിച്ചിരുന്നു. ഇതിന്‍റെ മാര്‍ക്കറ്റിംഗ്, സ്പോണ്‍സര്‍ഷിപ്പ് എന്നിവയ്ക്കായി ഗില്‍ട്രിക്സ് ഏജന്‍സി എന്ന അഡ്വൈസറെ കൂടി തെരഞ്ഞെടുത്തിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്കായി 96337 57515 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Author
Citizen Journalist

Goutham prakash

No description...

You May Also Like