സ്കൂൾ തുറക്കൽ മുന്നൊരുക്കം:അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് മന്ത്രി വി ശിവൻകുട്ടി

  • Posted on April 20, 2023
  • News
  • By Fazna
  • 117 Views

തിരുവനന്തപുരം: മധ്യവേനലവധിയ്ക്ക് ശേഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ യോഗം വിലയിരുത്തി. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിനായി കണ്ടിജൻസി അസിസ്റ്റൻസ് ഫോർ സസ്റ്റനൻസ് ഓഫ് സ്കൂൾ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതി മുഖേന പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂളുകളിൽ പിടിഎയുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനും ഉള്ള നടപടികൾ മെയ് 30ന്  മുൻപ് പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കും. സ്കൂളും പരിസരവും വൃത്തിയായി  സൂക്ഷിക്കുന്നതിന് ഗ്രീൻ ക്യാമ്പസ് - ക്ലീൻ ക്യാമ്പസ് പദ്ധതി നടപ്പാക്കും.സ്കൂളുകളിലെ പച്ചക്കറിത്തോട്ടം സ്കൂൾ അവധിക്കാലത്ത് നശിച്ചു പോകാതെ സംരക്ഷിക്കുന്നതിന് സ്കൂളിന് സമീപമുള്ള വിദ്യാർത്ഥികളുടെയും പ്രാദേശിക കർഷക സമൂഹത്തിന്റെയും സ്കൂളുകളിലെ വിവിധ ക്ലബ്ബുകളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സഹകരണത്തോടെ സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാലിക്കുന്നതിനുള്ള നിർദ്ദേശം നൽകി. ജൂൺ ഒന്നിന് തന്നെ പ്രവേശനോത്സവം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വരുന്ന അധ്യയന വർഷം വിതരണം നടത്തേണ്ട ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ എണ്ണം 2,82,47,520 ആണ്. ഇതിൽ 1,74,60,775 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി വിതരണം പുരോഗമിക്കുന്നു. കൈത്തറി യൂണിഫോം വിതരണവും പുരോഗമിക്കുന്നു. 41.5 ലക്ഷം ഇത് തുണിയാണ് വിതരണം ചെയ്യുന്നത്. കുട്ടികൾക്ക് നൽകുന്ന അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂർത്തിയായി. എല്ലാ ജില്ലകളിലും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂൾ പിടിഎ പ്രസിഡണ്ട് മാരുടെ യോഗം പൊതു വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ മെയ് അഞ്ചു മുതൽ 15 വരെ ജില്ലാതലത്തിൽ വിളിച്ചുകൂട്ടുന്ന നടപടി ആരംഭിച്ചു. സ്കൂളുകളിൽ ലഹരി വിരുദ്ധ  ബോധവൽക്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളോട് അനുബന്ധിച്ച് അധ്യാപക രക്ഷാകർതൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത പ്രീ പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും മാർച്ച് മാസം വരെയുള്ള ഓണറേറിയം വിതരണം ചെയ്തു. എസ്എസ്എൽസി യുടെയും സിബിഎസ്ഇ പത്താം ക്ലാസിന്റെയും റിസൾട്ട് വരുന്നതിനനുസരിച്ച് പ്ലസ് വൺ അഡ്മിഷൻ നടപടികൾ ആരംഭിക്കും. ഹയർ സെക്കൻഡറി ബാച്ച് പുനക്രമിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ  തീരുമാനമെടുക്കും. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുന്നതിന് പരമാവധി അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കും. അവധിക്കാല രക്ഷകർതൃ സംഗമം ഓരോ സ്കൂളുകളിലും സംഘടിപ്പിക്കണം. യോഗത്തിൽ 51 അധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.


സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like