*കൗമാര ആരോഗ്യ സെമിനാർ നയരൂപീകരണതിന് സംഭാവനയേകും - മന്ത്രി വീണ ജോർജ്.*
- Posted on July 29, 2025
- Uncategorized
- By Goutham prakash
- 249 Views
*സി.ഡി. സുനീഷ്*
തിരുവനന്തപുരം: കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ നടക്കുന്ന സെമിനാറിന് ആരോഗ്യമേഖലയിലെ നയരൂപീകരണത്തിന് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 15 -ാമത് സ്റ്റുഡൻ്റ്സ് മെഡിക്കൽ റിസർച്ച് ദ്വിദിന ദേശീയ കോൺഫറൻസ് (നാറ്റ് കോൺ 2025) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
ഗവേഷണങ്ങൾ ഏതു മേഖലയിലും പ്രധാനമാണ്. കേരളത്തിൽ ഏറ്റവും നല്ല പൊതുജനാരോഗ്യ സംവിധാനം നിലവിലുണ്ട്. അത് വർഷങ്ങളായുള്ള പരിശ്രമങ്ങളിലൂടെ ആർജിച്ചതാണ്. മാതൃമരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണെന്നും അത് വീണ്ടും കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. അതുപോലെ നവജാതശിശു മരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. അമീബിക് മസ്തിഷ്ക ജ്വരം ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള ഒരു രോഗമാണ്. എന്നാൽ കേരളത്തിൽ അത് 23 ശതമാനമാണ്. രോഗം കണ്ടുപിടിക്കാനുള്ള ശ്രമം കേരളത്തിൽ നടക്കുന്നതു കൊണ്ടാണ് നിപയും അമീബിക് മസ്തിഷ്ക ജ്വരവുമെല്ലാം തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് പരിഹാരം കണ്ടെത്തുന്നത്. ആഗോള തലത്തിൽ 70 ശതമാനം മരണനിരക്കുള്ള നിപയ്ക്ക് കേരളത്തിൽ 33 ശതമാനമായി കുറയ്ക്കാനായത് മറ്റൊരു നേട്ടവുമാണ്. വവ്വാലിൽ നിന്ന് എങ്ങനെയാണ് നിപ വൈറസ് മനുഷ്യരിലേയ്ക്ക് പടരുന്നു എന്നതിനെക്കുറിച്ച് അനുമാനം മാത്രമാണുള്ളത്. ബംഗ്ലാദേശിലെ പഠനങ്ങളിൽ പനങ്കള്ള് കുടിക്കാൻ വവ്വാലുകൾ എത്തുകയും അത്തരം കള്ള് കുടിക്കുന്ന മനുഷ്യരിൽ വൈറസ് എത്തുന്നു എന്നുമാണ് സൂചിപ്പിക്കുന്നത്. എന്നാൽ പാരിസ്ഥിതിക സാമ്പിളുകളിൽ നിപ വൈറസ് ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരളം നിരവധി പാരിസ്ഥിതിക സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. എന്നാൽ നിപ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
പൊതുജനാരോഗ്യ നിയമം മുമ്പ് രണ്ട് നിയമങ്ങളായിരുന്നുവെങ്കിൽ കേരള നിയമസഭ 2023 ൽ ഈ നിയമങ്ങൾക്കു പകരമായി പുതിയൊരു നിയമം പാസാക്കി. അതിൻ്റെ അടിസ്ഥാനം ഏകാരോഗ്യമാണ്. മനുഷ്യരുടെ മാത്രമല്ല, മറ്റു ജീവജാലങ്ങളുടെ ആരോഗ്യം കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഈ നിയമം പാസാക്കിയത്. ഇതെല്ലാം പരിഗണിച്ചു കൊണ്ട് സ്കൂൾ ഹെൽത്ത് പ്രോഗ്രാമും ആവിഷ്കരിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും വേണ്ട നയരൂപീകരണത്തിന് മെഡിക്കൽ കോളേജിൽ നടക്കുന്ന ഈ സമ്മേളനം സഹായകമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ അധ്യക്ഷനായി. സ്കൂൾ ഓഫ് പബ്ളിക് ഹെൽത്ത് (കേരളാ ആരോഗ്യ ശാസ്ത്ര സർവകലാശാല) ഡയറക്ടർ ഡോ തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി കെ ജബ്ബാർ, വൈസ് പ്രിൻസിപ്പൽ ഡോ കെ ബി ഉഷാദേവി, ഇന്ത്യൻ അസോസിയേഷൻ ഫോർ അഡോളസൻ്റ് ഹെൽത്ത് സെക്രട്ടറി ജനറൽ ഡോ ജുഗൽ കിഷോർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ യു അനുജ, ഡോ അനിത, ഡോ ജോൺ പണിക്കർ എന്നിവർ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 90 പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികളുമുണ്ട്. ഉദ്ഘാടന ശേഷം കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണവും നടന്നു.
