പുത്തൂർ സുവോളജിക്കൽ പാർക്ക്: നിർമാണത്തിൻ്റെ രണ്ടാം ഘട്ടം പൂർത്തിയാവുന്നു
രാജ്യത്തെ മികച്ചതെന്ന് സുനിൽ പൻവാർ

തൃശൂർ: ബെഗളൂരു ബന്നേർഘട്ട ബയോളോജിക്കൽ പാർക്ക് ഡയറക്ടർ സുനിൽ പൻവാർ നിർമാണം നടക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. ഇന്ത്യയിൽ നിർമാണത്തിലിരിക്കുന്ന സുവോളജിക്കൽ പാർക്കുകളിൽ ഏറ്റവും മികച്ചതെന്ന ഖ്യാതിയുള്ളതുകൊണ്ടാണ് സന്ദർശനമെന്നും മികച്ച ഡിസൈനും സൗകര്യങ്ങളുമാണ് ഇവിടെയുള്ളതെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പുത്തൂരിലെ ഭൂപ്രകൃതി വ്യത്യസ്തവും ആകർഷകവുമാണ്. മൃഗങ്ങൾക്കായി ഒരുക്കുന്ന സൗകര്യങ്ങളും ആശുപത്രിയും ലോകോത്തര നിലവാരമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 20 ലക്ഷം സന്ദർശകർ പ്രതിവർഷം എത്തുകയും 56 കോടി രൂപയുടെ വരുമാനവുമുള്ള രാജ്യത്തെ വലിയ പാർക്കുകളിലൊന്നാണ് ബന്നേർഘട്ട. ഇവിടെ നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് ബന്നേർഘട്ടയിൽ കൂടുതൽ 'വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തിയും ഒപ്പമുണ്ടായി.
പുത്തൂർ സുവോളോജിക്കൽ പാർക്കിൽ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. നാല് പ്രവേശനകവാടങ്ങളിൽനിന്ന് ഓറിയൻറ്റെഷൻ സെന്ററിലേക്കുള്ള റോഡുകളുടെ നിർമാണം പൂർത്തിയായി. പാർക്കിംഗ് ആരെയും സജ്ജമായി. ടിക്കർ കൗണ്ടർ ഉൾപ്പെടെയുള്ള ഓറിയൻറ്റെഷൻ സെന്ററിന്റെ നിർമാണം പുരോഗമിക്കുന്നു. പ്രവേശന കവാടത്തിൽ നിന്ന് ഓറിയൻറ്റെഷൻ സെന്ററിലേക്കുള്ള മേൽക്കൂരയുള്ള നടപ്പാതയുടെ നിർമാണവും സന്ദർശകർക്ക് മൃഗങ്ങളെ കാണുന്നതിനുള്ള എലവേറ്റഡ് നടപ്പാതയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. ബസ് ബേയുടെ നിർമാണം ഉടൻ ആരംഭിക്കും.
ഓറിയൻറ്റെഷൻ സെന്ററിൽ ടിക്കറ്റ് കൗണ്ടറിനു പുറമെ ഷോപ്പിംഗ് കോംപ്ലക്സ്, ക്ലോൿ റൂം, കഫെറ്റീരിയ, കംഫർട്ട് സ്റ്റേഷൻ, ട്രാം സ്റ്റേഷൻ എന്നിവയുമുണ്ടാകും. ബയോഡൈവേഴ്‌സിറ്റി സെന്ററിന്റെ നിർമാണം പൂർത്തിയാവുന്നതോടെ മൃഗങ്ങളെ മാറ്റിതുടങ്ങും. ഉരഗങ്ങൾ പോലെ രാത്രി സഞ്ചരിക്കുന്ന മൃഗങ്ങൾക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതോടെ ഭാരംകുറഞ്ഞ മൃഗങ്ങൾ, കുരങ്ങുകൾ, മാനുകൾ, പാമ്പുകൾ, മുതല തുടങ്ങിയവയെ ഘട്ടം ഘട്ടമായി മാറ്റും. 40 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ജലസംഭരണിയുടെയും നാല് കുളങ്ങളുടെയും നിർമാണം പൂർത്തിയായി. ഇതിനുപുറമെ രണ്ട് ക്വാറികളിൽനിന്നും വെള്ളം സംഭരിക്കും. ഗവേഷണത്തിനും പഠനത്തിനുമായി എഡ്യൂക്കേഷൻ സെന്റർ കൂടി പൂർത്തിയാവാനുണ്ട്. മൂന്നാം ഘട്ടം പൂർത്തിയാവുന്നതോടെ എല്ലാ മൃഗങ്ങളെയും ഇവിടേക്ക് മാറ്റാനാകും. അറ്റകുറ്റപ്പണികൾക്കും മിനുക്കുപണികൾക്കുമായി ഒരു നാലാംഘട്ട പ്രവൃത്തി കൂടി പരിഗണനയിലുണ്ടെന്ന് ഡയറക്ടർ പറഞ്ഞു.
പ്രത്യേക ലേഖകൻ