ലക്കിടി-അടിവാരം റോപ്‌വെ യാഥാര്‍ത്ഥ്യത്തിലേക്ക്
- Posted on February 06, 2023
- News
- By Goutham Krishna
- 248 Views

കല്‍പ്പറ്റ: വയനാട് ലിക്കിടിയില്‍ നിന്ന് അടിവാരം വരെയുള്ള വയനാട് റോപ്‌വെ പദ്ധതിക്കുള്ള മുറവിളി വര്‍ഷങ്ങളായി തുടരുന്നതാണ്. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റേയും, തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ ലിന്റോ ജോസഫിന്റേയും, വയനാട് ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുടേയും യോഗം നിയമസഭക്ക് അകത്തുള്ള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ചേംമ്പറില്‍ നടന്നു. കോഴിക്കോട്, വയനാട് ജില്ലകളെ 700 മീറ്റര്‍ ഉയരത്തില്‍ ബന്ധിക്കുന്ന ലക്കിടി മുതല്‍ അടിവാരം വരെയുള്ള വയനാട് റോപ്‌വെ പദ്ധതിക്ക് ഡിറ്റിപിസി കോഴിക്കോടിന്റേയും, വയനാടിന്റേയും പിന്തുണയോടെയാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം തുടക്കത്തില്‍ വയനാട് ലക്കിടിയില്‍ സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ഡി.എഫ്.ഒ മാരുടെ അടിയന്തിര യോഗം വിളിച്ച് ചേര്‍ക്കുകയും, തുടര്‍ന്ന് പദ്ധതിക്ക് ഉപയോഗിക്കുന്ന ഭൂമി തരം മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം ഇട്ടിരുന്നു. കല്‍പ്പറ്റ, തിരുവമ്പാടി എം.എല്‍.എ മാരുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഭൂമി തരം മാറ്റുന്ന നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുകയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ്‌വെ പദ്ധതിയായി മാറുകയും ചെയ്യും. നിലവില്‍ ചുരം വഴിയുള്ള യാത്ര ദുഷ്‌കരമാണ്. മണ്ണിടിച്ചിലോ, മറ്റ് അപകടങ്ങളോ സംഭവിച്ചാല്‍ മണിക്കൂറുകളോളം രോഗികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ബ്ലോക്കില്‍ കുടുങ്ങത് പതിവ് കാഴ്ചയാണ്. അത്തരം ഘട്ടങ്ങളില്‍ ആമ്പുലന്‍സ് ക്യാബിന്‍ അടക്കം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ പദ്ധതി വയനാട് ജില്ലയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള മികച്ച ആശുപത്രികളിലേക്ക് എത്തുന്നതിനും, മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനും സഹായകരമാകും. അതോടൊപ്പം തന്നെ റോപ്‌വെ സേവനങ്ങള്‍ പാരിസ്ഥിക ദുര്‍ബല പ്രദേശത്തെ പുകമലിനീകരണത്തില്‍ നിന്നും രക്ഷ നേടാനും സഹായകരമാകും, പബ്ലിക് ലിമിറ്റഡ് കമ്പനിയായ വെസ്റ്റേണ്‍ ഗട്ട്‌സ് ഡെവലെപ്പ്‌മെന്റ് ലിമിറ്റഡ് ഈ പദ്ധതിക്കായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യുകയും, 2025 ഓട് കൂടി പരിപൂര്‍ണ്ണമായി പദ്ധതി പൂര്‍ത്തീകരിക്കാനുള്ള വിഷന്‍ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി എം.എല്‍.എ മാര്‍ക്കും, ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ക്കും ഉറപ്പ് നല്‍കി. ഇതിന് വേണ്ടി പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. യോഗത്തിൽ ടി സിദ്ധിഖ് എം എൽ എ , ലിന്റോ ജോസഫ് എം എൽ എ, ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളായ ജോണി പാറ്റാനി, ഒ.എ വീരേന്ദ്രകുമാര്‍, ബേബി നിരപ്പത്ത് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പ്രത്യേക യോഗത്തിലേക്ക് വനമന്ത്രിയെയും വനം വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം ഉദ്യോഗസ്ഥരും രണ്ട് ജില്ലകളിലെ റവന്യൂ അധികാരികൾ ഉൾപ്പെടെയുള്ളവരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക യോഗം വിളിക്കാനാണ് ഇന്നത്തെ യോഗത്തിൽ ധാരണയായത്.