ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ; രാജ്യവ്യാപകമായി വോട്ടർപട്ടികയിലെ സർവേ നടക്കും
- Posted on October 06, 2025
- News
- By Goutham prakash
- 59 Views

സി.ഡി. സുനീഷ്
ന്യൂഡൽഹി : ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. അയോഗ്യരായവരെയാണ് ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതെന്നും എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വോട്ടർപട്ടികയിലെ സർവേ നടക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
വോട്ടർ പട്ടിക പരിഷ്കരണത്തിൽ എല്ലാ വോട്ടർമാരും സഹായിച്ചു. രാജ്യവ്യാപകമായി വോട്ടർപട്ടികയിലെ സർവേ നടക്കും. ഇതിനായി കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ചിട്ടുണ്ട്. വൺ ഇന്ത്യ ആപ്പിലൂടെ പ്രവർത്തനങ്ങൾ സുഗമമാക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് നടപടിക്രമം നവംബർ 22ന് പൂർത്തിയാകും. വോട്ടർമാർക്ക് 15 ദിവസത്തിനുള്ളിൽ വോട്ടർ കാർഡുകൾ നൽകുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
ഈ വർഷം അവസാനം ബീഹാറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെങ്കിലും തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിഇസിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം നിലവിൽ ബീഹാറിൽ പര്യടനം നടത്തുകയാണ്. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 16 അംഗ തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘത്തിന്റെ ബീഹാർ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്.
ബിഹാറിൽ അന്തിമ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ കരടു വോട്ടർ പട്ടികയിന്മേലുള്ള പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ വോട്ടർ പട്ടിക തയാറാക്കിയത്. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുക്കിയ വോട്ടർ പട്ടിക ഉപയോഗിക്കും.
243 സീറ്റിലേക്കായുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്നാണ് സൂചന. നവംബർ 22നാണ് ബിഹാർ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. അതേസമയം ഇരു മുന്നണികളിലും സ്ഥാനാർത്ഥി നിർണയത്തിനുള്ള തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. നിതീഷ് കുമാർ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും, വോട്ടർ അധികാർ യാത്രയും വോട്ട് കൊള്ളയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നാണ് മഹാസഖ്യത്തിന്റെ വിലയിരുത്തൽ. എന്നാൽ സ്ത്രീ വോട്ടർമാർക്ക് ആയുള്ള പ്രഖ്യാപനങ്ങൾ ഇത്തവണയും തുണക്കും എന്നാണ് എൻഡിഎ സഖ്യത്തിന്റെ കണക്കുകൂട്ടൽ.