ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആറുമാസത്തിനകം നടപ്പാക്കും: മന്ത്രി ശിവന്‍കുട്ടി.
- Posted on February 17, 2025
- News
- By Goutham prakash
- 173 Views
കോഴിക്കോട്: പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കാരത്തിന്റെ ഭാഗമായി ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആറുമാസത്തിനകം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമിക് ഡയറക്ടറേറ്റുകള്‍ ഏകീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവും. വിദ്യാഭ്യാസമേഖലയില്‍ 5000 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കേന്ദ്ര സര്‍ക്കാര്‍ പലവിധത്തിലുള്ള ഉപരോധങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും കേരളം പിറകാേട്ട് പോകുന്നില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നല്‍കുകയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പിക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ല.
കേന്ദ്രീകരിച്ച പാഠ്യപദ്ധതിയിലൂടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പരിണാമശാസ്ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സിലബസ്സില്‍ നിന്ന് ഒഴിവാക്കുകയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് കേരളം മാത്രമാണ്.
ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രവേശന പരീക്ഷയും ഇൻ്റർവ്യൂവും വിദ്യാലയങ്ങളില്‍ അനുവദിക്കില്ല. അതിന്റെ പേരില്‍ ബാലപീഡനം നടത്താന്‍ ആരെയും അനുവദിക്കില്ല.
എന്‍ഒസിയില്ലാത്ത വിദ്യാലയങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അത്തരം 873 വിദ്യാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ സുവനീര്‍ മന്ത്രി പ്രകാശനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി, ട്രഷറർ എ കെ ബീന സംസാരിച്ചു.
