അതിശൈത്യത്തിൽ വിറച്ച് അമേരിക്ക; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ.
- Posted on December 28, 2022
- News
- By Goutham prakash
- 215 Views
ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 60 കടന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഇതുവരെ 27 മരണമാണ് ന്യൂയോർക്കിൽ മാത്രം സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാമെന്ന ആശങ്കയുണ്ട്. പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാൻ ആയിട്ടില്ല. മഞ്ഞുമൂടി കിടക്കുന്ന വാഹനങ്ങൾക്ക് അകത്ത് നിന്നാണ് പല മൃതദേഹവും ലഭിച്ചിട്ടുള്ളത്. ഈ അവസ്ഥയിൽ ഇനിയും നിരവധി വാഹനങ്ങളുണ്ട്.
തടസ്സപ്പെട്ട വൈദ്യുതി വിതരണം ഇനിയും പൂർണ തോതിൽ പുനഃസ്ഥാപിക്കാൻ ആകാത്തതിനാൽ പല വീടുകളും ഇരുട്ടിലാണ്. ഇതിനിടെ വീടുകൾക്കകത്ത് താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഞ്ഞുവീഴ്ചയുടെ മറവിൽ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ ഇനിയും പഴയ പടിയായിട്ടില്ല. മൂവായിരത്തിലേറെ വിമാനങ്ങൾ ഇന്നും റദ്ദാക്കി.

