ഇന്ത്യയുടെ വിനോദത്തിനും സർഗാത്മക വ്യവസായത്തിനുമായി പ്രവർത്തിക്കാൻ പ്രധാനമന്ത്രി.

ഇന്ത്യയുടെ വിനോദത്തിനും സർഗാത്മക വ്യവസായത്തിനുമായി പ്രവർത്തിക്കാൻ പ്രധാനമന്ത്രി. ആഗോളവേദിയിൽ ഇന്ത്യയുടെ സർഗാത്മക ശക്തി പ്രദർശിപ്പിക്കാൻ ‘വേവ്സി’ന്റെ ഭാഗമാകാം


5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് യുവ ഉള്ളടക്കസ്രഷ്‌ടാക്കളുടെ ഊർജസ്വലവും ചലനാത്മകവുമായ സംഭാവനകൾ ആക്കം കൂട്ടും:  നരേന്ദ്ര മോദി


കാലാതീതമായ പാരമ്പര്യം ആഘോഷിക്കുന്ന ഇന്ത്യൻ സിനിമയിലെ ഐതിഹാസിക പ്രതിഭകൾക്ക് ജന്മശതാബ്ദിയിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി



പ്രധാനമന്ത്രി  നരേന്ദ്ര മോദി, ‘മൻ കീ ബാത്തി’ന്റെ 117-ാം പതിപ്പിൽ, ഇന്ത്യയുടെ സർഗാത്മക-വിനോദ മേഖലയിലെ സുപ്രധാന നാഴികക്കല്ലിനെക്കുറിച്ചുള്ള ആവേശകരമായ വാർത്ത പങ്കുവച്ചു. 2025 ഫെബ്രുവരി 5 മുതൽ 9 വരെ ഇതാദ്യമായി ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിക്ക് (WAVES) ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു


 


‘വേവ്സ്’ ഉച്ചകോടി: ഇന്ത്യയുടെ സർഗാത്മക പ്രതിഭകളുടെ ആഗോള വേദി


 


ലോകത്തെ സാമ്പത്തിക ഭീമന്മാർ ഒത്തുചേരുന്ന ദാവോസ് പോലുള്ള ആഗോള പരിപാടികളുമായി വേവ്സ് ഉച്ചകോടിയെ താരതമ്യം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ സർഗാത്മകത ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് മുന്നിലുള്ളതെന്നു പറഞ്ഞു. “മാധ്യമ, വിനോദ വ്യവസായ രംഗത്തെ അതികായരും ലോകമെമ്പാടുമുള്ള സർഗാത്മക മനസ്സുകളും ഇന്ത്യയിൽ ഒത്തുചേരും. ഇന്ത്യയെ ആഗോള ഉള്ളടക്ക നിർമാണത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ ഉച്ചകോടി” – അദ്ദേഹം പറഞ്ഞു.


 


 


ഇന്ത്യയുടെ സർഗാത്മക സമൂഹത്തിന്റെ ചലനാത്മക മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന, ‘വേവ്സി’ന്റെ തയ്യാറെടുപ്പുകളിൽ യുവ ഉള്ളടക്കസ്രഷ്‌ടാക്കൾക്ക് നിർണായക പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ ആവേശത്തിലും വളർന്നുവരുന്ന സർഗാത്മക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള അവരുടെ സംഭാവനയിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ഇത് ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മുന്നേറുന്നതിനുള്ള പ്രധാന ഉത്തേജകമാണെന്നും അദ്ദേഹം പറഞ്ഞു.


 


“നിങ്ങൾ യുവ ഉള്ളടക്കസ്രഷ്ടാവോ ബോളിവുഡുമായോ പ്രാദേശിക സിനിമയുമായി ബന്ധപ്പെട്ട പ്രശസ്ത കലാകാരനോ, ടെലിവിഷൻ മേഖലയിലെ പ്രൊഫഷണലോ, അതുമല്ലെങ്കിൽ, അനിമേഷൻ, ഗെയിമിങ്, വിനോദ സാങ്കേതികവിദ്യ എന്നിവയിൽ നൂതനാശയങ്ങളുള്ള വ്യക്തിയോ ആകട്ടെ; നിങ്ങളെ ഞാൻ ‘വേവ്സ്’ ഉച്ചകോടിയുടെ ഭാഗമാകാൻ പ്രോത്സാഹിപ്പിക്കുന്നു.” - പ്രധാനമന്ത്രി പറഞ്ഞു. വിനോദ-സർഗാത്മക വ്യവസായവുമായി ബന്ധപ്പെട്ടവരോട് ‘വേവ്സി’ൽ സജീവമായി പങ്കെടുക്കാൻ അദ്ദേഹം നിർദേശിച്ചു.


 


ഇന്ത്യയുടെ സർഗാത്മക പ്രതിഭകൾക്കായുള്ള ആഗോളവേദിയായി വർത്തിക്കാനും സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലോകോത്തര ഉള്ളടക്ക നിർമാണകേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സാധ്യതകൾ പ്രദർശിപ്പിക്കാനുമാണു ‘വേവ്സ്’ ഉച്ചകോടി ഒരുങ്ങുന്നത്. അനിമേഷൻ, ഗെയിമിങ്, വിനോദ സാങ്കേതികവിദ്യ, പ്രാദേശിക- മുഖ്യധാരാ സിനിമകൾ എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയും ഇത് എടുത്തുകാട്ടും. ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും മാധ്യമങ്ങളിലും വിനോദങ്ങളിലും ആഗോളതലത്തിൽ മുൻനിരയിലെ സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിടുന്നതാണ് പ്രവർത്തനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം. 


 


സിനിമാ ഇതിഹാസങ്ങൾക്ക് ജന്മശതാബ്ദിയിൽ ആദരം


 


ഹൃദയസ്പർശിയായ ശ്രദ്ധാഞ്ജലിയായി, 2024-ൽ ഇന്ത്യൻ സിനിമയിലെ നിരവധി പ്രമുഖരുടെ നൂറാം ജന്മവാർഷികവും പ്രധാനമന്ത്രി അനുസ്മരിച്ചു. കാലാതീതമായ സിനിമകളിലൂടെ ഇന്ത്യയുടെ ‘മൃദുശക്തി ’ പ്രകടമാക്കുന്നതിൽ രാജ് കപൂറിന്റെ പങ്ക്, എല്ലാ തലമുറകളിലും പ്രതിധ്വനിക്കുന്ന മുഹമ്മദ് റഫിയുടെ മാസ്മരികസ്വരം, ഇന്ത്യൻ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിലും തെലുങ്ക് സിനിമയെ ഉയർത്തുന്നതിലും അക്കിനേനി നാഗേശ്വര റാവുവിന്റെ സംഭാവനകൾ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു . ഐക്യത്തിനും അവബോധത്തിനും പ്രചോദനമായ തപൻ സിൻഹയുടെ സാമൂഹിക ബോധമുള്ള സിനിമകളെയും അദ്ദേഹം അനുസ്മരിച്ചു . ഈ ഇതിഹാസങ്ങൾ ഇന്ത്യൻ സിനിമയുടെ സുവർണ കാലഘട്ടത്തെ രൂപപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ശക്തിപ്പെടുത്തുകയും ചെയ്തു.തലമുറകൾക്ക് ആരാധിക്കാനും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും ശാശ്വതമായ പാരമ്പര്യം ഇവർ അവശേഷിപ്പിച്ചതെങ്ങനെയെന്നും  മോദി വിശദമാക്കി 


രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു (എഎൻആർ), മുഹമ്മദ് റഫി എന്നിവരുടെ അസാധാരണ സംഭാവനകൾക്ക് ആദരമായി പ്രത്യേക പ്രദർശനങ്ങൾ, സംവാദങ്ങൾ, സംവേദനാത്മക പരിപാടികൾ എന്നിവയിലൂടെ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്ഐ) ഈ ഇതിഹാസങ്ങൾക്ക്  ശ്രദ്ധാഞ്ജലി  അർപ്പിച്ചിരുന്നു. ഈ ചലച്ചിത്ര ഇതിഹാസങ്ങൾ സിനിമാ ലോകത്തിന് നൽകിയ സംഭാവനകളെ സൂക്ഷ്മമായി പരിശോധിക്കുന്നവ കൂടിയായിരുന്നു ഈ പരിപാടികൾ.


.ഡി. സുനീഷ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like