വയനാട് ജില്ലയിൽ കാൻസർ രോഗികൾ കൂടുന്നു; പഠനം അനിവാര്യമെന്ന് മന്ത്രി ഒ ആർ കേളു

സ്വന്തം ലേഖകൻ




വയനാട് ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്നും ഇക്കാര്യത്തിൽ ഒരു പഠനം അനിവാര്യമെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. 


നല്ലൂര്‍നാട് ഗവ. ട്രൈബല്‍  സ്പെഷ്യാലിറ്റി ആശുപത്രിയില്‍  പ്രവേശന കവാടം, മാമ്മോഗ്രഫി മെഷീന്‍, അഡ്വാന്‍സ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷന്‍ യൂണിറ്റുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ജില്ലയുടെ സമഗ്ര വികസനമാണ് സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ലക്ഷ്യം. അത് മുൻനിര്‍ത്തി വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. കാൻസർ രോഗികളുടെയും കിഡ്നി രോഗികളുടെയും എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇനിയും മെച്ചപ്പെട്ട സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.


കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി 32,60,000 രൂപ ചെലവഴിച്ച് നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച അഡ്വാൻസ്‌ഡ് ഓങ്കോളജി റിഹാബിലിറ്റേഷൻ യൂണിറ്റ് ക്യാൻസർ രോഗികൾക്ക് ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിക്കാൻ സഹായമാവും. ക്യാൻസർ ചികിത്സ പൂർത്തിയാക്കിയ ശേഷം രോഗികൾക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സഹായകമാവും. ചികിത്സ കാരണം നഷ്ടപ്പെട്ട ശാരീരികശേഷി, ചലനശേഷി, സഹനശേഷി എന്നിവ വീണ്ടെടുക്കാൻ സഹായിക്കുന്നു. 


ശരീരത്തിൽ നീര് കെട്ടുന്ന അവസ്ഥയായ ലിംഫെഡിമ, ന്യൂറോപ്പതി (കൈകാലുകളിൽ ഉണ്ടാകുന്ന മരവിപ്പ്) എന്നിവ പരിഹരിക്കാൻ ഓങ്കോളജി റിഹാബിലിറ്റേഷൻ യൂണിറ്റിൽ സൗകര്യമുണ്ട്.


നാഷണൽ ഹെൽത്ത് മിഷൻ വഴി 18,87,500 രൂപ ചെലവിട്ട് സജ്ജീകരിച്ച മാമ്മോഗ്രാം മെഷീൻ സ്തനാർബുദം നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട  പരിശോധന മാർഗമാണ്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത സ്ത്രീകളിൽപോലും നേരത്തെയുള്ള രോഗനിർണയം വഴി  രോഗമുണ്ടോയെന്ന് കണ്ടെത്താൻ മാമോഗ്രാം സഹായിക്കുന്നു. കൈകൊണ്ട് തൊട്ടുനോക്കുമ്പോൾ അറിയാൻ കഴിയാത്ത ചെറിയ മുഴകൾ പോലും മാമോഗ്രാമിൽ കണ്ടെത്താൻ സാധിക്കും. തുടക്കത്തിൽ തന്നെ രോഗം  കണ്ടുപിടിക്കുന്നതുവഴി ചികിത്സ പെട്ടെന്ന് ആരംഭിക്കാനും രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ ചികിത്സ കൂടുതൽ ഫലപ്രദമാവാനും സഹായിക്കും. ഇതിലൂടെ 40-നും 74-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ സ്തനാർബുദം മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ സാധിക്കും. 


മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായ പരിപാടിയില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ഡെപ്യൂട്ടി  മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി ജേക്കബ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി, ജില്ലാ പഞ്ചായത്ത് അംഗം കെ വിജയന്‍, നല്ലൂര്‍നാട് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ രാജേഷ്, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് സിഎസ്ആര്‍ മേധാവി സമ്പത്ത് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like