കത്തി നശിച്ച കൂത്തമ്പലം മികച്ച ഇന്റിമേറ്റ് തിയേറ്ററായി വികസിപ്പിക്കും : മന്ത്രി സജി ചെറിയാന്‍
- Posted on July 22, 2025
- News
- By Goutham prakash
- 80 Views

*പ്രത്യേക ലേഖകൻ*
2012 ല്‍ കത്തിനശിച്ച രാമനിലയം കോമ്പൗണ്ടിലെ കൂത്തലം പുനരുദ്ധരിച്ച് സംഗീത നാടക അക്കാദമിക്ക് ടൂറിസം വകുപ്പ് കൈമാറിയാല്‍ അത് മികച്ച ഇന്റിമേറ്റ് തിയേറ്ററായി വികസിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ ഫെലോഷിപ്പ് ,അവാര്‍ഡ്,ഗുരുപൂജാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തലം പുനരുദ്ധരിച്ച് അക്കാദമിക്ക് കൈമാറണമെന്ന് സാംസ്കാരിക വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് അനുകൂല തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പരസ്പരം പരിപാടിയിൽ പ്രഖ്യാപിച്ചിരുന്നു. കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്ന ചടങ്ങിൽ
അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു.വീണ വാദകന്‍ എ അനന്തപത്‌നാഭന്‍,നാടകപ്രതിഭ സേവ്യര്‍ പുല്‍പ്പാട്ട്, നൃത്ത അധ്യാപിക കലാമണ്ഡലം സരസ്വതി എന്നിവര്‍ മന്ത്രിയില്‍ നിന്നും ഫെലോഷിപ്പ് ഏറ്റുവാങ്ങി.18 കലാകാരര്‍ അവാര്‍ഡും 22 മുതിര്‍ന്ന കലാകാരര്‍ ഗുരുപൂജാ പുരസ്‌കാരവും ഏറ്റുവാങ്ങി.അക്കാദമി വൈസ്‌ചെയര്‍പേഴ്സൺ പുഷ്പവതി പി.ആര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍ അജയൻ നന്ദിയും പറഞ്ഞു.
*മിന്‍മിനിയും കോട്ടയം ആലീസും പാടി , സ്റ്റീഫന്‍ ദേവസ്സിയും ബേണി പി.ജെയും ഓർക്കെസ്ട്ര നയിച്ചു*
മിന്‍മിനി ചിന്നച്ചിന്ന ആസൈ പാടിയപ്പോള്‍, കെ.ടി.മുഹമ്മദ് തിയേറ്റര്‍ ഒന്നടക്കം ഒപ്പം ചേര്‍ന്നു. ആസ്വാദകര്‍ ആ പാട്ടില്‍ ലയിച്ച് അലിഞ്ഞുചേര്‍ന്നു. അവരുടെ പാട്ടിനായി കാതോര്‍ത്തിരിക്കുകയായിരുന്നു തൃശ്ശൂര്‍ ഒന്നടക്കം.കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് സമര്‍പ്പണ ചടങ്ങാണ് ഈ അപൂര്‍വ്വ സംഗീതവിരുന്നിന് വേദിയൊരുക്കിയത്. അവാര്‍ഡ് സമര്‍പ്പണത്തിന് മുന്നോടിയായാണ് മിന്‍മിനിയും കോട്ടയം ആലീസും പാടിയത്. മിന്‍മിനി ലോകം മുഴുവന്‍ സുഖം പകരാന്‍ പാടിയപ്പോള്‍, കോട്ടയം ആലീസ് സത്യം ശിവം സുന്ദരം,ശിവരഞ്ജിനി രാഗം എന്നീ പാട്ടുകള്‍ പാടി.ബേണി പി.ജെ ഗിറ്റാറും സ്റ്റീഫന്‍ ദേവസ്സി,പ്രകാശ് ഉള്ളിയേരി എന്നിവര്‍ കീബോര്‍ഡും ഹാര്‍മോണിയവും മഹേഷ് മണി തബലയും വായിച്ചു.ഇന്നലെ മയങ്ങുമ്പോള്‍, കാനനഛായയില്‍,എല്ലാവരും ചൊല്ലണ് തുടങ്ങിയ സിനിമഗാനങ്ങള്‍ അവര്‍ സംഗീതോപകരണങ്ങളില്‍ വായിച്ചു. ചേപ്പാട് എ.ഇ. വാമനൻ നമ്പൂതിരി സിന്ധുഭൈരവി രാഗത്തിൽ സ്വാതി തിരുന്നാൾ ഭജൻ പാടിയാണ് പരിപാടി അവസാനിച്ചത്
*അക്കാദമി ബുക്‌സ് സ്റ്റാള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു*
കേരള സംഗീത നാടക അക്കാദമി കോമ്പൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച അക്കാദമി ബുക്‌സ് സ്റ്റാള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.അക്കാദമി രൂപീകരിച്ചതിനുശേഷം ആദ്യമായിട്ടാണ് അക്കാദമിക്ക് സ്വന്തമായി ബുക്‌സ് സ്റ്റാള്‍ കെട്ടിട്ടം നിര്‍മ്മിക്കുന്നത്.ഉദ്ഘാടനത്തിനുശേഷം മന്ത്രി ബുക്‌സ് സ്റ്റാള്‍ സന്ദര്‍ശിച്ചു.ബൈജു ചന്ദ്രന്‍ രചിച്ച ചരിത്രത്തെ കൈപിടിച്ചു നടത്തിയ ഒരാള്‍ : തോപ്പില്‍ഭാസി എന്ന പുസ്തകവുമായാണ് മന്ത്രി മടങ്ങിയത്.
*ബുക്‌സ് സ്റ്റാളില്‍ നിന്നും കലാമണ്ഡലം സരസ്വതി ആദ്യം പുസ്തകം വാങ്ങി*
കേരള സംഗീത നാടക അക്കാദമിയുടെ ബുക്‌സ് സ്റ്റാളില്‍ ആദ്യം പുസ്തകം വാങ്ങാന്‍ എത്തിയത് അക്കാദമി ഫെലോഷിപ്പ് ജേതാവ് കലാമണ്ഡലം സരസ്വതിയും കുടുംബവുമാണ്.മകളും നര്‍ത്തകിയുമായ അശ്വതി ശ്രീകാന്തിനുവേണ്ടി ഭരതാര്‍ണ്ണവം, കേരളത്തിന്റെ ലാസ്യപ്പെരുമ എന്നീ രണ്ട് പുസ്തകങ്ങള്‍ കലാമണ്ഡലം സരസ്വതി വാങ്ങി. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പുസ്തകങ്ങള്‍ കൈമാറി. നിര്‍വ്വാഹക സമിതി അംഗം ടി.ആര്‍ അജയന്‍ കലാമണ്ഡലം സരസ്വതിയെ അനുഗമിച്ചു.
*ഇറ്റ്‌ഫോക്ക് 2026 ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെ*
2026 ലെ ഇറ്റ്‌ഫോക്ക് ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങിലാണ് ഈകാര്യം മന്ത്രി പ്രഖ്യാപിച്ചത്.