ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് സർക്കാർ തീരുമാനമാണന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
- Posted on December 19, 2022
- News
- By Goutham Krishna
- 241 Views

കൽപ്പറ്റ: ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് സർക്കാർ തീരുമാനമാണന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഉപഗ്രഹ സർവ്വേ നടത്താതിരുന്നാൽ കോടതിയലക്ഷ്യമാകുമെന്നും ഗ്രൗണ്ട് സർവ്വേക്ക് സർക്കാർ എതിരല്ലന്നും മന്ത്രി പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കണ്ടെത്തി ഇവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാനാണ് സർവ്വേ നടത്തുന്നത്. കോടതി ആവശ്യപ്രകാരമാണ് ആകാശ സർവ്വേ നടത്തുന്നത്. ഈ സർവ്വേ നടത്തിയ ശേഷം മാത്രമെ കോടതിയിൽ റിപ്പോർട്ട് നൽകാനാകൂവെന്നും ഗ്രൗണ്ട് സർവ്വേക്ക് ഗവൺമെൻ്റ് എതിരല്ലന്നും മന്ത്രി പറഞ്ഞു. നാട്ടിൽ ഇപ്പോൾ നടക്കുന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ്. തെറ്റിദ്ധാരണ പരത്തുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. വയനാട് വന്യജീവി സങ്കേതം കടുവാ സങ്കേതമാകുമെന്ന പ്രചാരണവും ബഫർ സോണുമായി കൂട്ടി കുഴക്കരുത്. സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടന്നും എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി സമരം ചെയ്യരുതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.