കായിക ഇനങ്ങളിൽ പുതിയ പിജി കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ: മന്ത്രി വി. അബ്ദുറഹ്മാൻ.
തിരുവനന്തപുരം : കായിക ക്ഷമതയുള്ള തലമുറയെ സൃഷ്ടിക്കുന്നതിനടൊപ്പം തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ഇതിനായി കേരളത്തിലെ സർവകലാശാലകളിൽ കായിക ഇനങ്ങളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ എം.എസ്.സിയിൽ പുതിയ രണ്ട് കോഴ്സുകൾ അടുത്ത അധ്യയനവർഷം തുടങ്ങും. മൂന്ന് കോഴ്സുകളുടെ സിലബസുകൾ തയ്യാറാക്കി വരികയാണ്. ജി.വി രാജ സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായികകേരളത്തിന്റെ പിതാവ് കേണൽ ഗോദവർമ രാജയുടെ ആദരസൂചകമായി സ്കൂളിൽ നിർമിച്ച പൂർണകായ പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു. ജി. വി രാജ സ്പോർട്സ് സ്കൂളിലെ മുഴുവൻ കായിക വിദ്യാർത്ഥികളുടെയും കായിക നിലവാരം ഉയർത്തുന്നതിനും ഏറ്റവും മികച്ച പരിശീലനം നൽകുന്നതിനുമായി കായിക വകുപ്പിൽ നിന്നും 3.34 കോടി രൂപ ചെലവഴിച്ചാണ് വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്. അത്യാധുനിക നിലവാരമുള്ള ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട്, ഫിറ്റ്നസ് സെന്റർ എന്നിവയാണ് സ്കൂളിൽ സജ്ജീകരിച്ചത്. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുഖേനയാണ് ലാൻഡ് സ്കേപ്പിംഗ് നടത്തിയത്. ഹോക്കി കോർട്ടിലെ അനുബന്ധ പ്രവത്തികളും സി.സി.റ്റി.വി സ്ഥാപിക്കലും പൂർത്തിയാക്കി. കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും മികച്ച കായിക താരങ്ങളെ സൃഷ്ടിച്ച സ്കൂളിൽ ആധുനിക രീതിയിൽ അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ഫുട്ബോൾ കോർട്ടും 400 മീറ്റർ 6 ലൈനും 100 മീറ്റർ 8 ലൈനോടുകൂടിയ സിന്തറ്റിക് ട്രാക്ക്, ലോംഗ് ജംപ് പിറ്റ്, ഹൈ ജംപ്, പോൾവാൾട്ട് എന്നീ മത്സരങ്ങളിൽ പരിശീലനവും ദേശീയ അന്താരാഷ്ട്രതലത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സിന്തറ്റിക് ട്രാക്കും, സിന്തറ്റിക് ഹോക്കി ടർഫും, ഇൻഡോർ സ്റ്റേഡിയവും ക്യാമ്പസിലുണ്ട്. ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കല, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കായിക വകുപ്പ് ഡയറക്ടർ പ്രേംകൃഷ്ണൻ.എസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സ്പോർട്ട്സ് ലേഖകൻ.