പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പറവേസ് മുഷറഫ് അന്തരിച്ചു
- Posted on February 06, 2023
- News
- By Goutham Krishna
- 264 Views

ദുബായ്: പാകിസ്ഥാൻ മുൻ പ്രസിഡൻറ് പർവേസ് മുഷറഫ് (79) ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു. ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഷറഫിനെ നേരത്തെ റാവൽപിണ്ടിയിലെ ആംഡ് ഫോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിലേക്ക് (എഎഫ്‌ഐസി) മാറ്റിയിരുന്നു. പാക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്. 2016 മാർച്ച് മുതൽ ദുബായിലായിരുന്ന മുഷറഫ് അമിലോയിഡോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ അവയവങ്ങളിൽ അടിഞ്ഞുകൂടുകയും അവയുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അപൂർവ രോഗമാണിത്.
“അതീവ ഗുരുതരാവസ്ഥയിലും അവയവങ്ങൾ തകരാറിലാകുന്നതുമായ” അവസ്ഥയിലാണ് മുൻ സൈനിക മേധാവിയെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ഇക്കഴിഞ്ഞ ജൂണിൽ ഒരു പത്രകുറിപ്പിൽ അറിയിച്ചിരുന്നു. 2007-ൽ ഭരണഘടനാ വിരുദ്ധമായി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന് മുഷാറഫിനെതിരെ പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി, ഈ കേസിൽ 2014 ൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 1999 മുതൽ 2008 വരെ പാകിസ്ഥാൻ ഭരിച്ച മുഷറഫിനെ ബേനസീർ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പ്രത്യേക ലേഖിക