ലഹരിക്കെതിരെ ക്യാമ്പെയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാസർകോട്
- Posted on May 05, 2025
- News
- By Goutham prakash
- 98 Views
കാസര്‍കോട്: കായിക വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പെയിൻ 'കിക്ക് ഡ്രഗ്‌സ് 'ൻ്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുൾ റഹ്മാന്‍ ഇന്ന് രാവിലെ 9.30ന് കാസർകോട് നിർവഹിക്കും. ജില്ലാ കളക്ടര്‍ ഇന്‍പശേഖര്‍ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, നീലേശ്വരം നഗരസഭാ അധ്യക്ഷ ടി.വി ശാന്ത തുടങ്ങിയവർ പങ്കെടുക്കും.
കളിക്കളങ്ങളെ സജീവമാക്കി ലഹരിയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കായിക വകുപ്പിന്റെ 'കിക്ക് ഡ്രഗ്‌സ്' 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള മാരത്തണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ആറിന് രജിസ്‌ട്രേഷന്‍ കൗണ്ടറിലെത്തണം. 6.30ന് ഉദുമ പാലക്കുന്നിൽ ആരംഭിക്കുന്ന മാരത്തണ്‍ മത്സരങ്ങള്‍ 7.30ന് സമാപിക്കും. രാവിലെ എട്ടിന് 1500ലധികം ആളുകള്‍ പങ്കെടുക്കുന്ന വാക്കത്തോണ്‍ ആരംഭിക്കും. സിവില്‍ സ്റ്റേഷനില്‍ നിന്ന് തുടങ്ങി പുതിയ സ്റ്റാന്‍ഡ് വരെയാണ് വാക്കത്തോൺ. ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ജാഥയുടെ സമാപനത്തോടനുബന്ധിച്ചുള്ള മാരത്തണ്‍ വൈകിട്ട് മൂന്നിന് ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് കാലിക്കടവ് ഗ്രൗണ്ടില്‍ സമാപിക്കും. കളിക്കളങ്ങളെ വീണ്ടെടുക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുത്ത സ്‌പോര്‍ട്‌സ് ക്ലബ്ലുകള്‍ക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.
