മതമൗലികവാദം ഒരു വിചിന്തനം
- Posted on May 16, 2021
- Ezhuthakam
- By Deepa Shaji Pulpally
- 932 Views
ഓരോ മനുഷ്യനിലും നിറഞ്ഞുനിൽക്കുന്ന നന്മയെ തെളിയിക്കുന്നതാണ് ഫാദർ തോമസ് കക്കുഴിയുടെ ആശയങ്ങൾ. തികച്ചും വ്യത്യസ്തമായ ചിന്താധാരയിൽ ഉള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുന്ന ഓരോ വ്യക്തികൾക്കും എന്തെന്നില്ലാത്ത പോസിറ്റീവ് എനർജി നൽകുന്നതാണ്. സാധാരണ ധ്യാന പ്രസംഗങ്ങൾ നമ്മുടെ പാപ ബോധത്തെ ഉയർത്തിക്കാണിച്ച് അതിൽ നിന്നും പിന്തിരിഞ്ഞു പൊതുജീവിതത്തിലേക്ക് തിരിക്കുക എന്നതാണല്ലോ. എന്നാൽ തോമസ് കക്കുഴി നമ്മോട് പറയുന്നത് നിങ്ങൾ ഓരോരുത്തരും നല്ലവരാണ്. നിങ്ങളിൽ നന്മയാണ് കൂടുതൽ. ഉള്ളിലെ നന്മയുടെ ചെപ്പുകൾ ഓരോന്നായി അച്ഛൻ തുറന്നുകാണിക്കുന്നു. അപ്പോഴാണ് നാം മനസ്സിലാക്കുന്നത് ചെപ്പുകൾക്കുള്ളിൽ അടച്ചു വച്ചിരിക്കുന്ന രത്നങ്ങൾ ആയിരുന്നു നമ്മൾ എന്ന യാഥാർത്ഥ്യം.
ഒരു വ്യക്തിയുടെ അപാരമായ കഴിവുകളുടെയും, നന്മയുടെയും തിരി തെളിയുമ്പോൾ ആ പ്രകാശധാരയിലൂടെ അവനിലെ ഇരുട്ട് മാഞ്ഞുപോകും. ആ രീതിയിൽ തിന്മകൾ ചാമ്പലാകും. ലോകത്തിൽ തിന്മയേക്കാൾ നന്മ നിറഞ്ഞുനിൽക്കുന്നു, എന്നത് അച്ഛന്റെ ഓരോ വാക്കിലും ഒളിഞ്ഞിരിപ്പുണ്ട്. സാമൂഹ്യബോധം, മതമൗലികവാദം എന്നീ പ്രസംഗങ്ങളിലും വ്യത്യസ്തമായ ചിന്താധാരകളുടെ പ്രവാഹമാണ്. ഈ പ്രസംഗങ്ങൾ ശ്രവിക്കുന്ന ഏതൊരാൾക്കും പോസിറ്റീവ് എനർജി ലഭിക്കും. ബോധ്യങ്ങളും ഉണ്ടാകും. മനുഷ്യന് ലഭിച്ചിരിക്കുന്ന ചുരുങ്ങിയ ജീവിതകാലത്തിൽ എന്തിനാണ് മതത്തിന്റെ പേരിൽ കലഹങ്ങൾ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒരു രാഷ്ട്രത്തെ നശിപ്പിക്കുന്ന ഏറ്റവും സുപ്രധാന ഘടകം മതമൗലികവാദമാണ് എന്നും അച്ഛൻ അഭിപ്രായപ്പെടുന്നു.