സ്ട്രീം ശില്പശാലകൾ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും:മന്ത്രി വി ശിവൻകുട്ടി*
- Posted on July 21, 2025
- News
- By Goutham prakash
- 81 Views
**സി.ഡി. സുനീഷ്*
സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലും
വിദ്യാർത്ഥികൾക്കായി സ്ട്രീം അധിഷ്ഠിത ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (എസ് ഐ ഈ റ്റീ) സംഘടിപ്പിച്ച നവസാങ്കേതികവിദ്യാ ശില്പശാലയുടെ സമാപന സമ്മേളനം തിരുവനന്തപുരം മൺവിളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
വിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിദ്യയുടെ മറ്റൊരു തലം ആണ് വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ പോഷണ പരിപാടികളിലൂടെ നടപ്പാക്കുന്നത്. പുതിയ സാങ്കേതികവിദ്യകളെ വിദ്യാർത്ഥികൾക്ക് ഇപ്പോഴേ പരിചയപ്പെടുത്തിയാൽ മാത്രമേ അതുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസത്തിലേക്ക് അവർക്ക് ചുവടുവെക്കാൻ സാധിക്കു.നാനോ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബയോ ഇൻഫോമാറ്റിക്സ്, വിഷ്വൽ ടെക്നോളജി തുടങ്ങിയ വ്യത്യസ്തമായ വിഷയങ്ങളിൽ ഈ കാഴ്ചപ്പാടോടെ എസ് ഐ ഇ റ്റി ശില്പശാലകൾ സംഘടിപ്പിച്ചു വരികയാണ്.
സയൻസ് ,ടെക്നോളജി ,എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്നതാണ് സ്റ്റം (STEM). ഇതോടൊപ്പം റോബോട്ടിക്സും ആർട്സും ചേർത്ത് സ്ട്രീം ആക്കി സംസ്ഥാന വ്യാപകമായി എസ് ഐ ഇ റ്റി നടപ്പാക്കും. പൂർണ്ണമായും വിദ്യാർത്ഥികൾ നിയന്ത്രിച്ച സമാപന സമ്മേളനം വേറിട്ട അനുഭവമായി. മന്ത്രിയെ സ്വീകരിച്ചത് മുതൽ സ്വാഗതവും അധ്യക്ഷ പ്രസംഗവും കൃതജ്ഞതയും അടക്കം എല്ലാം നിർവഹിച്ചത് വിദ്യാർത്ഥികൾ ആയിരുന്നു. തിരുവനന്തപുരം പൂവത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി നന്ദന ആർ എസ് സ്വാഗതം പറഞ്ഞു. എറണാകുളം കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അനസൂയ അനിൽ അധ്യക്ഷത വഹിച്ചു. വയനാട് പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ് വിദ്യാർഥി ഉജ്വൽ കൃഷ്ണ കൃതജ്ഞത പറഞ്ഞു. കോട്ടയം സെൻറ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ഗായത്രി നായർ പരിപാടികൾ ഏകോപിപ്പിച്ചു. SIET ഡയറക്ടർ ബി അബുരാജ്, ACSTI ഡയറക്ടർ കെ സി സഹദേവൻ, SIET അക്കാദമിക് കോഡിനേറ്റർ സുരേഷ് ബാബു,
പ്രോഗ്രാം കോഡിനേറ്റർ സമിത എസ് എൻ തുടങ്ങിയവർ സംസാരിച്ചു.
