ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് വയനാട്ടിൽ വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു
- Posted on February 01, 2023
- News
- By Goutham Krishna
- 205 Views
ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു . പുൽപ്പള്ളി, ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻ കുട്ടി ( 70) യാണ് ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്. സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽനിന്നും കൃഷ്ണൻ കുട്ടി 2013 - ൽ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. (ലോൺ നമ്പർ - ജെ.പി.എസ്.എൽ. 0066/12-13). രണ്ടു തവണ പലിശ അടച്ചു പുതുക്കിയെങ്കിലും പിന്നീട് കൃഷികൾ നശിച്ചതിനാൽ വായ്പ തിരിച്ചടവ് നടന്നില്ല. ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് അടുത്തയിടെ പല തവണ നോട്ടീസ് അയച്ചിരുന്നു. ഇതിനും പുറമെ, ബാങ്കിന്റെ നിയമോപദേശകനെ കൂട്ടി ജീവനക്കാർ വീട്ടിൽ വരികയും ഉടൻ ജപ്തി നടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബാംഗങ്ങൾ പറഞ്ഞു. ഇതേ തുടർന്ന് കടുത്ത മനോവിഷമത്തിലായ കൃഷ്ണൻകുട്ടി കർണ്ണാ ടകയിലെ അതിർത്തി ഗ്രാമമായ ബൈരകുപ്പയിലെത്തി വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ ഇയാളെ നാട്ടുകാർ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല . കൃഷ്ണൻ കുട്ടി ക്യാൻസർ രോഗിയുമായിരുന്നു. 2014 ഫെബ്രുവരി 28 - ന് ഇയാൾ ഭാര്യയുടെ പേരിൽ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്നും എടുത്ത 13500 - രൂപ വായ്പയും കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. ഭാര്യ വിലാസിനി.മക്കൾ മനോജ് പ്രിയ .മരുമക്കൾ സന്ധ്യ, ജോയ് പോൾ.