ഒഴുക്കിനെതിരെ നീങ്ങുന്ന മാധ്യമ പ്രവർത്തനത്തിൻ്റെ നിലനില്പ് അസാധ്യമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ.
- Posted on March 25, 2023
- News
- By Goutham Krishna
- 161 Views
കൊച്ചി : ഒഴുക്കിനെതിരെ നീങ്ങുന്ന മാധ്യമപ്രവർത്തനം നിലനിൽപ്പിനായുള്ള ഭീഷണി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ആഗോള മധ്യമോത്സവം വെർച്വൽ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മാനവരാശിയുടെ സ്വതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന രീതിയിൽ ലോകമെമ്പാടുമുള്ള വലതുപക്ഷ രാഷ്ട്രീയവും മുതലാളിത്ത മൂലധന താല്പര്യങ്ങളും പ്രവർത്തിക്കുകയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചേ മാധ്യമപ്രവർത്തനത്തിന് നിലനിക്കാനാവൂ. അതിൽ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. മാനവരാശിയുടെ നിലനില്പിനും മുന്നോട്ടുള്ള പോക്കിനും ആ പോരാട്ടം അത്യാവശ്യമാണ്. മാധ്യമപ്രവർത്തകർ ഇന്ന് നേരിടുന്ന വെല്ലുവിളികളിൽ അഴിമതിയും വ്യാജവാർത്തകളും സുതാര്യതയുടെ ഇല്ലായ്മയും മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള നിരവധി ഭീഷണികളും ഉൾപ്പെടുന്നതായി മുഖ്യമന്ത്രി വിശദീകരിച്ചു. പൊതു സമൂഹത്തെ വിവരങ്ങൾ ധരിപ്പിക്കുന്നതിലും പൊതുജനാഭിപ്രായ രൂപീകരണത്തിലും മലയാള മാധ്യമരംഗം ഗണ്യമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഫ്യൂഡലിസത്തിനും കൊളോണിയലിസത്തിനുമെതിരായ ശബ്ദം ഉയർത്തിപിടിച്ചതും മാധ്യമങ്ങളാണ്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നാവ് നൽകിയതും നമ്മുടെ മാധ്യമങ്ങളാണ്. അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെ ശക്തമായ പാരമ്പര്യം ഉള്ള നാടാണ് കേരളം. അച്ചടി, ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങൾ ഉൾപ്പെടെ നമുക്കിന്ന് വൈവിദ്ധ്യമുള്ള മാധ്യമ പരിസരമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതെങ്കിലും രാജ്യത്തോ ഭൂഖണ്ഡങ്ങളിലോ മാത്രം ഒതുങ്ങുന്നവരല്ല മാധ്യമ പ്രവർത്തകരെന്ന് പിണറായി വിയൻ പറഞ്ഞു. അതൊരു ആഗോള പ്രതിഭാസമാണ്. മാധ്യമപ്രവർത്തന മേഖല ചരിത്രപരമായ വെല്ലുവിളികളെയാണ് നേരിടുന്നത്. ഈ വെല്ലുവിളികളെ നേരിടുന്നതിനോടൊപ്പം തന്നെ സ്വയം വിമർശനപരമായി കാര്യങ്ങളെ കാണുകയും വേണം. വടക്കു-തെക്ക് വ്യത്യാസം നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ്. നമ്മുടെ പോരാട്ടം വിരലിലെണ്ണാവുന്നവർക്ക് വേണ്ടി മാത്രമുള്ളതല്ല മാനവരാശിക്ക് ആകെപ്പാടെ വേണ്ടിയുള്ളതാണ്.ആഗോള വടക്ക് (ഗ്ലോബൽ നോർത്ത്) എന്ന സങ്കല്പത്തെ മാത്രം ഊന്നിയുള്ളതായിരുന്നു കാലങ്ങളായി ലോകമാധ്യമപ്രവർത്തനം. മാധ്യമങ്ങളുടെ കൊളോണിയൽ-സാമ്രാജ്യത്വ സങ്കല്പങ്ങളിൽ ഊന്നിയാണ് തലമുറകൾ വളർന്നു വന്നിട്ടുള്ളത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ഭാഷകളുടെ മഹനീയ പാരമ്പര്യത്തെ അവ അവഗണിക്കുകയായിരുന്നു. ആഗോള തെക്കിന്റെ (ഗ്ലോബൽ സൗത്ത്) ഭാഷകളിൽ മാധ്യമപ്രവർത്തനത്തിന് മികച്ച പാരമ്പര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ആഗോള മാധ്യമോത്സവവും അതിന്റെ മുദ്രാവാക്യമായ കട്ടിംഗ് സൗത്ത് എന്നതും വലിയ പ്രാധാന്യമർഹിക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടൗൺഹാളിൽ നടന്ന മാധ്യമോത്സവത്തിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. വ്യവസായ-നിയമ മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരുന്നു. കേരള മീഡിയ അക്കാദമിയുടെ മീഡിയ മാഗസിൽ നൽകുന്ന 2022ലെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് സ്ലോവാക്യൻ ജേണലിസ്റ്റ് പാവ് ല ഹോൾസോവയും, അക്കാദമിയുടെ 2021-22 ലെ ഗ്ലോബൽ ഫോട്ടോഗ്രഫി അവാർഡ് പ്രമുഖ ഇന്ത്യൻ ഫോട്ടോഗ്രഫർ രഘുറായിക്കും, അക്കാദമിയുടെ 2022ലെ ആഗോള മാധ്യമ പുസ്തക പുരസ്കാരം ജോസി ജോസഫിനും മന്ത്രി പി. രാജീവ് സമ്മാനിച്ചു. ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് ഫൗണ്ടേഷൻ സി ഇ ഓ യും ടി വി ജേണലിസ്റ്റുമായ ജെയ്മെ അബെല്ലോ ബാൻസി (കൊളംമ്പിയ ) യും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിശിഷ്ടാതിഥിയായിരുന്നു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ജേക്കബ്, അക്കാദമി എക്സിക്യൂട്ടീവ് അംഗം ബേബി മാത്യു സോമതീരം, കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ആർ കിരൺ ബാബു എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് സ്വാഗതവും ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. സനൽ പോറ്റി, സരിത ബാലൻ എന്നിവർ ആങ്കർമായിരുന്നു. കോൺഫ്ലുൻസ് മീഡിയ, ന്യൂസ് ലൗണ്ടറി, ന്യൂസ് മിനിറ്റ്, കേരള പത്ര പ്രവർത്തക യുണിയൻ, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഗോള മാധ്യമോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
സ്വന്തം ലേഖകൻ.