,,പൂപ്പൊലി,, പൂ പറുദീസ ഒരുക്കി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം
- Posted on January 11, 2023
- News
- By Goutham Krishna
- 328 Views

അമ്പലവയൽ (വയനാട് ): കോവിഡിന് മുമ്പേ ഹിറ്റായ പൂപ്പൊലി പുഷ്പ മേള ജനം ഏറ്റെടുത്തു കഴിഞ്ഞു. വയനാട് ജില്ലയിൽ കേരള കാർഷിക സർവ്വകലാശാലയും, കൃഷി വകുപ്പും സംയുക്തമായി അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി ഏവരുടെയും മനം കവരുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. 2023 ജനുവരി 1 മുതൽ ജനുവരി 15 വരെയാണ് അമ്പലവയൽ കാർഷിക ഗവേഷണ ശാലയിൽ പുഷ്പോത്സവം ഒരുക്കിയിരിക്കുന്നത്.
പുഷ്പാലങ്കൃതമായ പൂപൊലി മേള കാണുന്നതിന് വിദേശത്തുനിന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധിയാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. നെതർലാൻഡിൽ നിന്നുള്ള ലീലിയം തായ്‌ലൻഡിൽ നിന്നുള്ള ഓർക്കിഡുകൾ, വിശാലമായ ഗ്ലാഡിയോലസ് തോട്ടം തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളിലുള്ള പുഷ്പ ഉദ്യാനങ്ങളാണ് 12- ഏക്കറിൽ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡിൽ നിന്നുള്ള അലങ്കാര മത്സ്യങ്ങൾ, കാലിഫോർണിയിൽ നിന്നുള്ള സ്ട്രോബറി ഇനങ്ങൾ തുടങ്ങിയവയും പൂ പൊലിയിലെ പ്രധാന ഇനങ്ങളാണ്.
ഫ്ലോട്ടിംഗ് ഗാർഡൻ, ട്രീ ഹട്ട്, കൊട്ട തോണി, കൊതുമ്പു വള്ളം, ജലധാര, പക്ഷിമൃഗാദികൾ, ശില്പങ്ങൾ തുടങ്ങിയവയും അമ്പലവയൽ പൂ പൂപ്പൊലിയിലെ കാഴ്ചകളാണ്. പൂപ്പൊലി 2023 പ്രവേശന നിരക്ക് മുതിർന്നവർക്ക് 50 രൂപയും വിദ്യാർത്ഥികൾക്ക് 30 രൂപയുമാണ്. നാല് ടിക്കറ്റ് കൗണ്ടറുകളും ഇവിടെ ഒരുക്കിയിരിക്കുന്നു. പൂപ്പൊലിയിൽ എല്ലാ ദിവസവും വൈകുന്നേരം മുതൽ നാടൻ പാട്ടുകളും, ഗാനമേളയും അണിയിച്ചൊരുക്കിയിട്ടുണ്ട്. ഊട്ടി പുഷ്പ മേള പോലെ ഹിറ്റായ പൂപ്പൊലി കേരളത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടി കഴിഞ്ഞു.