മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം
- Posted on January 19, 2023
- News
- By Goutham Krishna
- 233 Views

2022 ഏപ്രിൽ, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അതിതീവ്ര ന്യൂനമർദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുണ്ടായ 45 ദിവസത്തെ തൊഴിൽ നഷ്ടത്തിന് 1,66,756 സമുദ്ര- അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു. ദിവസം 200 രൂപ വീതം നൽകാൻ 50.027 കോടി രൂപയാണ് അനുവദിച്ചത്.
2022ലെ കാലവർഷക്കെടുതിയിൽ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം വില്ലേജിൽ പാടശേഖരത്തിലെ മട വീണ് വീടും സ്ഥലവും ഒലിച്ചു പോയ ഓമനക്കുട്ടൻ, ജയകൂമാർ എന്നിവരെ പുനരധിവസിപ്പിക്കുന്നതിന് ധനസഹായം അനുവദിച്ചു. സ്ഥലം വാങ്ങി വീട് വെക്കുന്നതിന് സംസ്ഥാന ദുരന്തപ്രതികരണനിധി വിഹിതത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 18,09,800 രൂപ അനുവദിക്കും.
കോഴിക്കോട് കരുവട്ടൂർ പഞ്ചായത്തിലെ പോലൂർ വില്ലേജിലെ ബിജുവിൻ്റെ വീട്ടിൽ അസാധാരണ ശബദം കേൾക്കുകയും, ചുവരുകൾ വിണ്ടു കീറുകയും ചെയ്യുന്ന പ്രതിഭാസത്തിന് പരിഹാരം കാണാൻ ദുരന്തനിവാരണ അതോറിറ്റി ശുപാർശ ചെയ്ത പ്രവൃത്തികൾ ചെയ്യാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കാൻ തീരുമാനിച്ചു. സോയിൽ പൈപ്പിങ്ങ് പ്രതിഭാസം മൂലം വീടിന് നാശനഷ്ടമുണ്ടായപ്പോൾ കണ്ണൂർ ജില്ലയിലെ രാഘവൻ വയലേരിക്ക് നൽകിയത് പോലെയാണ് തുക അനുവദിക്കുക. 4 ലക്ഷം രൂപയോ യഥാർത്ഥത്തിൽ ചെലവാകുന്ന തുകയോ ഏതാണ് കുറവ് എന്നത് അനുസരിച്ചാണ് നൽകുക.
പ്രത്യേക ലേഖകൻ