രവിപ്രഭ:ഫോട്ടോ എക്‌സിബിഷൻ, സംസ്ഥാനതല ചിത്രരചനാമത്സരം, ഗാനാലാപന മത്സരം നാളെ
- Posted on February 01, 2025
- News
- By Goutham prakash
- 210 Views
തിരുവനന്തപുരം: രവിപ്രഭയുടെ ഭാഗമായി ഡോ.രവിപിളളയുടെ ജീവിതയാത്ര അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദർശനത്തിന് ഞായറാഴ്ച യൂണിവേഴ്‌സിറ്റി കോളേജ് വേദിയാകും. ബഹറൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രമുഖ മലയാളി പ്രവാസി വ്യവസായി ഡോ.ബി.രവി പിള്ളയുടെ ജീവിത മുഹൂർത്തങ്ങളും വിവിധ രാജ്യങ്ങളുടെ വികാസപരിണാമങ്ങളും ചിത്രങ്ങളിലൂടെ രേഖപ്പെടുത്തും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യും. എം.വിൻസന്റ് എം.എൽ.എ അധ്യക്ഷനായിരിക്കും. നോർക്ക സി.ഇ.ഒ അജിത് കൊളാശ്ശേരി, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സന്തോഷ് കുമാർ, യൂണിയൻ ചെയർപേഴ്സൺ ഫരിഷ്ത എം.എസ് എന്നിവർ സംബന്ധിക്കും.
രാവിലെ ഒമ്പതു മുതൽ സംസ്ഥാനതലത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി പെയിന്റിംഗ് മത്സരം നടത്തും. കേരളത്തെ ആസ്പദമാക്കിയുള്ളതായിരിക്കും വിഷയങ്ങൾ. മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ എന്നിവയും, ഓരോ വിഭാഗത്തിലും 10 പേർക്ക് വീതം 1000 രൂപ പ്രോത്സാഹന സമ്മാനവും നൽകും.
പെയിന്റിംഗ് മത്സരം നോർക്ക വകുപ്പ് സെക്രട്ടറി കെ.വാസുകി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചിത്രകാരന്മാരായ നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ സംബന്ധിക്കും.
യൂണിവേഴ്‌സിറ്റി കോളേജിൽ അന്നുതന്നെ വൈകിട്ട് നാലു മണി മുതൽ ഗാനോത്സവ സായാഹ്നം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഗാനാലാപന മത്സരമുണ്ടായിരിക്കും. പത്മശ്രീ പ്രൊഫ. ബി.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും. പത്മശ്രീ നേടിയ പ്രൊഫ.ബി.ഓമനക്കുട്ടിയെ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആദരിക്കും.
ഗാനാലാപന മത്സരത്തിൽ എം.ടി വാസുദേവൻ നായരുടെ സിനിമകളിലെ പാട്ടുകളും പി. ജയചന്ദ്രൻ പാടിയ പാട്ടുകളും പ്രായഭേദമെന്യേ ആർക്കും പാടാം. 15,000 രൂപ, 10,000 രൂപ, 5000 രൂപ എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും കൂടാതെ, പത്തുപേർക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നൽകും.
.
