വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ സ്‌കില്‍ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി വയനാട് ജില്ല

സ്വന്തം ലേഖകൻ


രാജ്യത്താദ്യമായി കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ സ്‌കില്‍ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി ജില്ല. പരിസ്ഥിതി ആഘാതം കുറയ്ക്കാനും കാലാവസ്ഥാ സുസ്ഥിരത കൈവരിക്കാനും വിദ്യാര്‍ത്ഥികളില്‍ അറിവും കഴിവും വളര്‍ത്തിയെടുക്കുകയാണ് ഗ്രീന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഫോര്‍ ക്ലൈയ്മറ്റ് സസ്റ്റയിനബിലിറ്റി ഇന്‍ വയനാട് പദ്ധതിയിലൂടെ. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, യൂണിസെഫ് എന്നിവയുടെ നേതൃത്വത്തില്‍  ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് ഗ്രീന്‍ സ്‌കില്‍ വികസന പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്.  ഊര്‍ജ്ജ- മാലിന്യ സംസ്‌കരണം, പുനരുപയോഗ ഊര്‍ജം, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളില്‍ നവീനമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഒന്നാം വര്‍ഷ വൊക്കേഷണല്‍ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കാര്‍ഷിക, വിനോദസഞ്ചാര കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രീന്‍ സ്‌കില്‍ പരിശീലനത്തിന് അവസരമൊരുക്കുന്നത്.


ജില്ലയിലെ തിരഞ്ഞെടുത്ത അമ്പലവയല്‍, കല്‍പ്പറ്റ, മുട്ടില്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വാകേരി, കരിങ്കുറ്റി, വെള്ളാര്‍മല, വേലിയമ്പം

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ്ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, വിഭവ ശോഷണം, മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഗ്രീന്‍ സ്‌കില്‍ നേടിയ വിദ്യാര്‍ത്ഥിക്ക് പ്രായോഗിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ സാധിക്കും. ഗ്രീന്‍സ് സ്‌കില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികളിലൂടെ പാരിസ്ഥിതിക ആഘാതം കുറച്ച്  ദൈനംദിന ജീവിതത്തില്‍ സുസ്ഥിരമായ രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ സമൂഹത്തെ  പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.


പരിസ്ഥിതിലോല പ്രദേശങ്ങളിലുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങള്‍ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന സാഹചര്യങ്ങള്‍  പരിഗണിച്ചാണ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായിഗ്രീന്‍ സ്‌കില്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി മുഖേന പരിസ്ഥിതി സുസ്ഥിരത  ലക്ഷ്യമാക്കി വിവിധ  കോഴ്‌സുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ നല്‍കും. ഗ്രീന്‍ സ്‌കില്ലുകള്‍ വികസിപ്പിക്കാന്‍ ബോധവത്കരണ പാക്കേജ്,  അധ്യാപകര്‍ക്ക് കൈപ്പുസ്തകം എന്നിവ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന  പദ്ധതി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നടപ്പാക്കുന്നത്.


പരിസ്ഥിതി പഠനങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളിലെ ഹരിത തത്ത്വങ്ങള്‍ മനസ്സിലാക്കി  പ്രയോഗികമാക്കാനും വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം സമൂഹവുമായി ഇടപ്പെട്ട് ഗ്രീന്‍ സ്‌കില്ലുകള്‍ ആര്‍ജ്ജിച്ചാല്‍ ജില്ലയുടെ സുസ്ഥിര വികസനത്തിനും വിഭവങ്ങളുടെ വിവേക പൂര്‍വ്വമായ ഉപയോഗത്തിലും പദ്ധതിസുപ്രധാന പങ്കുവഹിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like