പൊലീസിനെ അഴിച്ച് വിട്ട് സമരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭവിഷ്യത്ത് മുഖ്യമന്ത്രി അനുഭവിക്കേണ്ടി വരും-പ്രതിപക്ഷ നേതാവ്
- Posted on March 14, 2023
- News
- By Goutham prakash
- 210 Views
തിരുവനന്തപുരം: നികുതി വര്‍ധനവിനെതിരായ സമരത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് മിവ ജോളിയെന്ന കെ.എസ്.യുക്കാരി ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചതിന് പിന്നാലെയാണ് ഇന്ന് കൊച്ചി കോര്‍പറേഷനിലും പൊലീസ് അഴിഞ്ഞാടിയത്. സമാധാനപരമായി സമരം ചെയ്ത കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായാണ് പൊലീസ് ആക്രമിച്ചത്. വനിതാ കൗണ്‍സിലര്‍മാരെ പുരുഷ പൊലീസാണ് ആക്രമിച്ചത്. സമരങ്ങളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി പൊലീസിനെ കയറൂരി വിട്ടാല്‍ ഇതിനേക്കാള്‍ ശക്തമായ പ്രതിഷേധം സര്‍ക്കാരിന് നേരിടേണ്ടി വരും.
സമരം ചെയ്യണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ യു.ഡി.എഫും കോണ്‍ഗ്രസും സമരം ചെയ്യുക തന്നെ ചെയ്യും. ബ്രഹ്‌മപുരത്തെ മാലിന്യത്തിന് തീ കൊടുത്ത് കൊച്ചിയെ വിഷപ്പുകയില്‍ മുക്കിയ കരാറുകാരെ സംരക്ഷിക്കാനാണ് നിയമസഭയില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയത്. കരാറുകാരനെതിരെ പ്രഥമിക റിപ്പോര്‍ട്ട് പോലും കൊടുക്കാത്ത പൊലീസാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചത്. സമരത്തെ വേട്ടയാടുന്നത് വച്ചുപൊറുപ്പിക്കാനാകില്ല. പിണറായി വിജയന്റെ ഭീഷണിയൊന്നും ഞങ്ങളോട് വേണ്ട. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ പൊലീസിനെ അഴിച്ച് വിട്ട് സമരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭവിഷ്യത്ത് മുഖ്യമന്ത്രി അനുഭവിക്കേണ്ടി വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുകയാണ്. ഒരു വിട്ടുവീഴ്ചയുമില്ലാതെ സമരങ്ങളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. ജനത്തെ വിഡ്ഢികളാക്കി നേതാക്കളുടെ മക്കള്‍ക്ക് എന്ത് വൃത്തികേടും കാട്ടുന്നതിന് കുട പിടിച്ച് കൊടുക്കുന്ന ഭരണമാണ് കേരളത്തിലുള്ളത്. മാലിന്യകൂമ്പാരത്തിന് തീയിട്ടവരെ സംരക്ഷിക്കാനാണ് സമരം ചെയ്തവരെ മര്‍ദ്ദിച്ചൊതുക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയെ പോലെ നാനൂറോളം പൊലീസുകാരുമായാണ് മേയര്‍ ഇന്ന് കൗണ്‍സില്‍ യോഗത്തിനെത്തിയത്. മുഖ്യമന്ത്രി പൊലീസിന് പിന്നില്‍ ഓടി ഒളിക്കുന്നത് പോലെ സി.പി.എം നേതാക്കളും പൊലീസ് അകമ്പടിയില്‍ യാത്ര ചെയ്യുകയാണ്. 400 പൊലീസുകാരുമായി ഇറങ്ങിയാലും മേയറെ തടയാനും സമരം ചെയ്യാനുമുള്ള സംവിധാനം കൊച്ചി നഗരത്തില്‍ യു.ഡി.എഫിനുണ്ടെന്ന് വിനയപൂര്‍വം സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുന്നു.
മാലിന്യം നീക്കം ചെയ്യാത്ത കരാറുകാര്‍ സമൂഹത്തിന് മുന്നില്‍ കുറ്റവാളികളാണെന്നത് സര്‍ക്കാര്‍ മറക്കേണ്ട. പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും നിയമസഭയില്‍ ഒരക്ഷരം മിണ്ടിയില്ല. വേസ്റ്റ് പോലെ സര്‍ക്കാര്‍ ഇനിയും ചീഞ്ഞ് നാറുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. എവിടെയും കൊള്ള നടത്താന്‍ പാര്‍ട്ടിക്കാരെ അനുവദിച്ചിരിക്കുകയാണ്. കണ്ണൂര്‍ കോര്‍പറേഷനില്‍ പോലും ഈ കമ്പനിക്ക് കരാര്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി. എന്നിട്ടും കരാര്‍ റദ്ദാക്കാനുള്ള ധീരത കണ്ണൂര്‍, കൊല്ലം കോര്‍പറേഷനുകള്‍ കാട്ടി.
ഒരു പണിയും ചെയ്യാത്ത കരാറുകാരന് വേണ്ടിയാണ് തദ്ദേശ വകുപ്പ് മന്ത്രി പത്ത് മിനിട്ടോളം നിയമസഭയില്‍ വാദിച്ചത്. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എത്രത്തോളം തരംതാഴാമെന്നതിന് ഉദാഹരണമാണിത്. ഒരു ആരോഗ്യ പ്രശ്‌നവും ഇല്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ വ്യക്തിപരമായി ആക്രമണമാകുന്നത് എങ്ങനെയാണ്. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് ഭരണമുന്നണിയിലെ ഒരു എം.എല്‍.എയും ഇന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ മന്ത്രിക്ക് ഒരു പരിഭവവുമില്ലേ?
സ്വന്തം ലേഖകൻ
