*ഒരു സ്ത്രീ എന്തിനു പുരുഷനു തുല്യയാകണം സാറാജോസഫ്* രാജ്യാന്തര സാഹിത്യോ ഝവത്തിലെ സംവാദങ്ങൾ സജീവമാകുന്നു.
- Posted on August 21, 2025
- News
- By Goutham prakash
- 79 Views

സ്വന്തം ലേഖകൻ.
തൃശൂർ.
മനുഷ്യർ ശക്തരാകുന്നത് അവരവരായി തുടരുമ്പോഴാണെന്നിരിക്കെ സ്ത്രീ എന്തിനു പുരുഷനു തുല്യയാകണമെന്ന് സാറാജോസഫ്. ബഷീർവേദിയിൽ സുജ സൂസൻ ജോർജുമായി നടത്തിയ സംഭാഷണത്തിലാണ് സാറാ ജോസഫ് നിലപാടു വ്യക്തമാക്കിയത്.
നിലനിൽക്കുന്ന വ്യവസ്ഥിതിയിൽ നമ്മുടെ ആശയങ്ങൾക്കോ ആദർശങ്ങൾക്കോ വിപരീതമായി സംഭവിക്കുന്ന ഏതൊരു പ്രവർത്തിക്കുമെതിരെ ശബ്ദം ഉയർത്താനും അത്തരം ചങ്ങലകളിൽ നിന്നും പുറത്തു കടക്കുവാനും ഒരു വ്യക്തിക്ക് സാധിക്കുമ്പോൾ മാത്രമാണ് അവിടെ സ്വാതന്ത്ര്യം ഉണ്ടാകുന്നത്.
ജൈവികമായി വിഭിന്നമായിരിക്കുകയും ആത്മീയമായി ഒന്നുചേരുകയും ഒരുമിച്ചു പ്രവർത്തിക്കുകയും സമൂഹത്തെ മുന്നോട്ടു നയിക്കുകയും തലമുറകളെ സൃഷ്ടിക്കുകയും ചെയ്യേണ്ടവരാണു മനുഷ്യർ. നിർഭാഗ്യവശാൽ സാമൂഹ്യജീവിതം ആരംഭിച്ച കാലം മുതൽക്കുതന്നെ പുരുഷമേധാവിത്വം കാര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. അങ്ങനെയൊരു അസമത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ നേരത്തേ പറഞ്ഞ ജൈവികമായ വ്യത്യസ്തതകളെ വെല്ലുവിളിക്കാൻ സ്ത്രീകൾ നിർബന്ധിതരായി എന്നുള്ളത് ശരിയാണ്. പക്ഷേ, ഒരിക്കലും ഒരു സ്ത്രീ ശക്തയാകുവാൻ വേണ്ടി പുരുഷനു തുല്യയാകേണ്ടതില്ലെന്നും സാറാജോസഫ് അഭിപ്രായപ്പെട്ടു.
*സാഹിത്യകാരരുടെ ചിത്രങ്ങൾ പകർപ്പവകാശമുക്തമാക്കണം*
സാഹിത്യകാരരുടെ ചിത്രങ്ങൾ പകർപ്പവകാശമുക്തമാക്കുന്നത് വിദ്യാർഥികൾക്കും ഗവേഷകർക്കും ഉപകരിക്കുമെന്ന് മാങ്ങാട് രത്‌നാകരന്റെ നേതൃത്വത്തിൽ നടന്ന 'സാഹിത്യചരിത്രം ഛായാചിത്രങ്ങളിലൂടെ' സെഷനിൽ കണ്ണൻ ഷൺമുഖം പറഞ്ഞു. സാഹിത്യകാരരെയും കലാകാരരെയും അടയാളപ്പെടുത്തേണ്ടത് അനിവാര്യതയാണെന്നു തോന്നിയിടത്തു നിന്നാണ് സാഹിത്യകാരരുടെ ചിത്രങ്ങളെടുക്കാൻ തുടങ്ങിയതെന്ന് ആർ.വി. സതി പറഞ്ഞു. ഒ.വി വിജയൻ, മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാരുടെ ചിത്രങ്ങൾ എടുത്ത അനുഭവം കെ. ആർ. വിനയൻ പങ്കുവച്ചു. സാഹിത്യ ഫോട്ടോഗ്രാഫറായ മനോജ് ഡി. വൈക്കം നോവലുകളുടെ പിന്നാമ്പുറങ്ങൾ തേടിയുള്ള തന്റെ യാത്രകൾ വിവരിച്ചു. തന്റെ അഞ്ചുമാസം നീണ്ട ഇന്ത്യാ യാത്രയിൽ എടുത്ത ചിത്രങ്ങൾ അടങ്ങിയ 'ഇമായനം' എന്ന പുസ്തകത്തിലെ ചിത്രങ്ങളെക്കുറിച്ച് ഇമ ബാബു സംസാരിച്ചു.
*രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ: എൻ.എസ്. മാധവൻ*
രാജ്യം ഇന്നു കടന്നുപോകുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയെന്ന് വി. മുസഫർ അഹമ്മദുമായുള്ള സംഭാഷണത്തിൽ എൻ.എസ്. മാധവൻ. അതിലേക്കു വിരൽ ചൂണ്ടാനാണ് സ്വാതന്ത്ര്യ ദിനത്തിൽ ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ 'സലീം സീനായി' എന്ന രൂപകം ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലേതുപോലെ വോട്ടവകാശം നിഷേധിക്കുന്ന സാഹചര്യം രാജ്യത്ത് എവിടെയും ആവർത്തിക്കാം എന്ന ആശങ്ക അദ്ദേഹം പങ്കുവച്ചു. ലോക സാഹിത്യത്തിലെ നോവലുകൾ കൂടുതൽ ധ്വന്യാത്മകമാകുമ്പോൾ മലയാളത്തിലെ നോവലുകൾ ദൃശ്യാത്മകമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യത്തിലെ തർജ്ജമകൾ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കു മാത്രമായി ചുരുങ്ങുന്നുവെന്നും ഇന്ത്യൻ ഭാഷകൾ തമ്മിലുള്ള തർജ്ജമ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*സന്ദേഹാത്മകത അനിവാര്യം*
സന്ദേഹാത്മകതയെ ഉൾക്കൊള്ളുന്ന ആധുനികതയാണ് ഇന്നിന്റെ ആവശ്യമെന്ന് 'മലയാള ആധുനികതയുടെ അമ്പത് വർഷങ്ങൾ' സെഷൻ.
അമ്പതുകളിൽ കാണപ്പെട്ട പ്രതിസംസ്‌കാരത്തിന്റെ അന്തരീക്ഷം ആധുനികതയെ സ്വാധീനിച്ചിട്ടുണ്ട്. കമ്പോള സമ്മർദ്ദങ്ങൾക്കു വിധേയമാകാൻ വിസമ്മതിച്ചു എന്നതാണ് ആധുനികസാഹിത്യം കാലത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന. സാഹിത്യത്തിലെന്നപോലെ നാടകത്തിലുമുണ്ടായ ആധുനികതയുടെ പ്രതിഫലനങ്ങളും പാനൽ ചർച്ച ചെയ്തു.
ഇ.വി. രാമകൃഷ്ണൻ നയിച്ച ചർച്ചയിൽ എം.വി. നാരായണൻ, എം.എം നാരായണൻ, ദീപൻ ശിവരാമൻ എന്നിവർ പങ്കെടുത്തു.
*സിനിമയിലെ ഹിംസ*
ഇന്നത്തെ സിനിമകളിൽ ഹിംസ വ്യാപാരത്തിന്റെ പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്ന് ബഷീർവേദിയിൽ നടന്ന 'ഹിംസയും പ്രതിഹിംസയും സിനിമയിൽ' പാനൽ ചർച്ച. നായകൻ അനീതിക്കെതിരെ പൊരുതുന്നതു വ്യാപാര ലക്ഷ്യത്തിന്റെ ഭാഗമാണ്. പക്ഷേ, ഏതു കലാരൂപത്തിനും യഥാർഥ വിധികർത്താവ് സമൂഹമാണ്.
സിനിമയിലെ ഹിംസയുടെ സാമൂഹിക ബാധ്യതകളും കച്ചവട ഇടപെടലുകളും ചർച്ച വിശകലനം ചെയ്തു.
*മതേതരത്വം ഭാരതീയമാണോ*
'മതേതരത്വം ഭാരതീയമാണോ?' എന്ന ചോദ്യവുമായി അധ്യക്ഷ സോണിയ ഇ.പ. 'മതേതരത്വം ഇന്ത്യൻ സന്ദർഭത്തിൽ' എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയ്ക്കു തുടക്കം കുറിച്ചു.
ഇന്ത്യയുടെ പ്രാഥമിക മതേതര സമീപനത്തെക്കുറിച്ച് നമ്മിൽ വേവലാതിയില്ലെങ്കിൽ, നമ്മൾ സത്യത്തിൽ മതേതരരല്ലെന്നും, അതോടെ രാഷ്ട്രവും ജനതയും സംഘർഷത്തിലേക്കാണ് നീങ്ങുന്നതെന്നും പി.കെ. പോക്കർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യൻ ഭരണഘടനയിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അതിൽ ഏറ്റവും ഭീകരമായതു മതാധിഷ്ഠിത ഭേദഗതിയായ പൗരത്വ ഭേദഗതി നിയമം (സിഎഎ) ആണെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു.
നിയമനിർമ്മാണസംവിധാനത്തിൽ സെക്യുലർ സംസ്‌കാരനയം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് ഈ.ഡി. ഡേവിസ് അഭിപ്രായപ്പെട്ടു.
*ചരിത്രത്തെ ഭയക്കുന്നത് വർഗീയവാദികൾ*
ചരിത്രത്തെ വർഗീയവാദികൾ മാത്രമേ ഭയക്കുകയുള്ളൂ; അതിന് ഇന്ത്യൻ രാഷ്ട്രീയം തന്നെ ഉദാഹരണമെന്ന് 'ചരിത്രം, ചരിത്രനിരാസം: ചില ചിന്തകൾ' സെഷൻ.
ചെറിയ ക്ലാസ്സുകളിൽ വിദ്യാർഥികൾക്കു നൽകുന്ന ഇന്ത്യയുടെ ചിത്രത്തിൽ വർഗീയതയ്‌ക്കെതിരെയും മുതലാളിത്തത്തിനെതിരെയും നടത്തിയിട്ടുള്ള ചെറുത്തുനിൽപ്പുകൾ ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്.
അടിമത്തവും ജാതീയതയും കൃത്യമായി അടയാളപ്പെടുത്തിയില്ല എന്നുള്ളതാണ് ചരിത്ര പാഠങ്ങളുടെ പരാജയം.
ചെറുത്തു നിൽപ്പുകളെ ശക്തമാക്കുന്നത് ചരിത്ര വസ്തുതകളുടെ പിൻബലമാണ്. അശാസ്ത്രീയ ധാരണകൾ തിരുത്താൻ ശാസ്ത്രീയമായ ചരിത്രവസ്തുതകൾക്കു മാത്രമേ സാധിക്കുകയുള്ളൂ. ചരിത്രബോധം നന്നായില്ലെങ്കിൽ ഭാവിയും നന്നാവില്ലെന്നും പാനൽ അഭിപ്രായപ്പെട്ടു. എ.എം.ഷിനാസ് നയിച്ച ചർച്ചയിൽ മാളവിക ബിന്നി, വിനിൽ പോൾ എന്നിവർ പങ്കെടുത്തു.
*ജനാധിപത്യത്തിന് വിലങ്ങുതടിയായ ആശയങ്ങൾ ഉപേക്ഷിക്കണം*
സാംസ്‌കാരികമായ അഴിച്ചുപണിയിലൂടെ മാത്രമേ നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളിൽ ജനാധിപത്യം സാർഥകമായി നടപ്പിലാകൂ എന്ന് ടി. എസ്. ശ്യാംകുമാർ. 'ദളിത് പ്രാതിനിധ്യം: സംസ്‌കാരത്തിലും സ്ഥാപനങ്ങളിലും' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ധാർമ്മികതയുടെ അടിത്തറ ഭരണകൂടമാണെന്നും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആധുനിക മൂല്യങ്ങൾ രാമായണം പോലുള്ള ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തച്ഛന്റെ രാമായണത്തിന്റെ സാരസ്വത രഹസ്യം ജാതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദളിതരെ സഹവംശരായി കാണാനുള്ള മനോഭാവം ഇനിയും സമൂഹം കൈവരിച്ചിട്ടില്ലെന്നും, ജാതി സെൻസസ് നടന്നാൽ മാത്രമേ ദളിത് പ്രാതിനിധ്യത്തിന്റെ ആവശ്യകത മനസ്സിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
*ഇതു കവിത തുന്നിയിട്ട കുപ്പായം*
പ്രിയപ്പെട്ട കവിതാശകലങ്ങൾ പകർത്തിയ വസ്ത്രവുമായി സാഹിത്യ അക്കാദമി ജീവനക്കാരൻ അജു ഗോപാലൻ സാഹിത്യോത്സവത്തിൽ വേറിട്ടുനിന്നു. മലയാളം, തമിഴ് കാലിഗ്രാഫി ആർട്ടിസ്റ്റും ബുക്ക് കവർ ഡിസൈനറുമായ അജു, ഇടശ്ശേരിയുടെ 'പൂതപ്പാട്ട്,' കുമാരനാശാന്റെ 'പൂക്കാലം,' ഉള്ളൂരിന്റെ 'പ്രേമസംഗീതം' കവിതാശകലങ്ങളാണ് ഷർട്ടിലും മുണ്ടിലും പകർത്തി സാഹിത്യത്തെ തന്റെ വസ്ത്രത്തിൽ കലാത്മകമാക്കിയത്.
ക്രിയാംശത്തിൽ നാടകവും സിനിമയും വ്യത്യസ്തം
അടിസ്ഥാനപരമായി സാമ്യതകൾ നിലനിൽക്കുമ്പോഴും അവതരണത്തിന്റെ ക്രിയാംശത്തിൽ നാടകവും സിനിമയും വ്യത്യസ്തമാണെന്ന് 'നാടകവും സിനിമയും: രംഗപാഠങ്ങൾ' സെഷൻ. നാടകം കാഴ്ചയിലൂടെ ഓർമ്മിക്കപ്പെടുമ്പോൾ സിനിമ അതേ രൂപത്തിൽ എക്കാലവും നിലനിൽക്കുന്നു. സ്ഥലവും സമയവും ആവിഷ്‌കരിക്കാൻ സിനിമയിൽ പരിമിതികളില്ലെങ്കിൽ നാടകത്തിനു തൽസമയ ഭൗതികപരിമിതികളുണ്ട്. നാടകം ഓരോ അവതരണത്തിലും മനോധർമ്മമനുസരിച്ചു മാറിക്കൊണ്ടിരിക്കുമ്പോൾ സിനിമ ഒരേ രൂപത്തിൽ നിശ്ചലമായിരിക്കുകയാണ്. ഈ രണ്ടു സങ്കരമാധ്യമങ്ങളെയും അരങ്ങിന്റെ ഭാഷയിലേക്കു മാറ്റുന്നതിലെ സങ്കേതങ്ങളിലാണു വ്യത്യാസമെന്നും പാനൽ വിലയിരുത്തി. ജി.പി. രാമചന്ദ്രൻ നയിച്ച ചർച്ചയിൽ സി.എസ്. വെങ്കിടേശ്വരൻ, സജിത മഠത്തിൽ, എം.എൻ. വിനയകുമാർ, വി.ഡി. പ്രേംപ്രസാദ് എന്നിവർ പങ്കെടുത്തു.