അഭിനയ പാഠങ്ങൾ അറിഞ്ഞ് സത്രീ നാടക സംഘം: നാടക കളരിക്ക് സമാപനമായി

  • Posted on February 13, 2023
  • News
  • By Fazna
  • 129 Views

തൃശൂർ: നഞ്ചമ്മയുടെ നാട്ടിൽ നിന്നും ഗോത്ര പൈതൃകവുമായി എത്തിയ നാടക കലാകാരികളടക്കം പങ്കെടുത്ത നാടക കളരിക്ക് സമാപനമായി. "അട്ടപ്പാടി ഞങ്ങളുടെ മണ്ണാണ്ണ്, ആ മണ്ണിൽ വിളയിച്ചാൽ വിളവ് പൊന്നു പോലെ" അട്ടപ്പാടിയിൽ നിന്നുള്ള വിജയയും പുഷ്പയും മനം നിറഞ്ഞ് പാടി. കിലയിൽ ആറ് ദിവസം നീണ്ടു നിന്ന നാടക കളരിയോട് വിട പറയുമ്പോൾ വിജയയെയും പുഷ്പയെയും പോലെ നിരവധി പേർ സ്വയം മറന്ന് ആടി, പാടി. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി നടന്ന  ദേശീയ സ്ത്രീ നാടക ശിൽപ്പശാലയാണ് അരങ്ങിനെ അറിയാൻ വനിതകൾക്ക് അവസരമൊരുക്കിയത്. നാടകത്തിന്റെ വേറിട്ട ഭാവങ്ങൾ അറിയാനുള്ള മികച്ച വേദിയായിരുന്നു ശിൽപ്പശാലയെന്ന അഭിപ്രായം പങ്കുവെയ്ക്കുകയാണ് തിരുവനന്തപുരം രംഗശ്രീ പ്രവർത്തകരായ ദീപ്തിയും ദർശനയും. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഇവർക്ക് ഇത്തരമൊരു അനുഭവം ആദ്യമാണെന്നും അവർ പറയുന്നു. നാടകവേദികൾക്ക് നവപാത ഒരുക്കുകയാണ് നാടക കളരിയെന്ന് നർത്തകിയും കന്നട തിയറ്റർ ആർട്ടിസ്റ്റുമായ അഹല്യ ബെല്ലാളിന്റെ അഭിപ്രായം. തീയേറ്റർ എന്താണെന്ന്  മനസിലാക്കാനുള്ള അവസരം ഒരുക്കുന്നതായി ശിൽപ്പശാലയെന്ന് ബ്ലാംഗ്ലൂരിൽ ആർക്കിടെക്ട് വിദ്യാർത്ഥിയായ ഭാഗ്യലക്ഷ്മി പറയുന്നു. തങ്ങളെ സ്വയം വിലയിരുത്താനുള്ള വേദിയായി ഇതെന്ന അഭിപ്രായമാണ് മുബൈ സ്വദേശിനി സുനിതയും ഡൽഹി സ്വദേശിനി മഞ്ജരിയും പങ്കുവെയ്ക്കുന്നത്. നാടകോത്സവത്തിന്റെ ഭാഗമാകാനായതും വലിയ അവസരമായെന്നും അവർ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 52 സ്ത്രീകളാണ് ശില്‍പ്പശാലയുടെ ഭാഗമായത്. നാടകമെന്ന കലയുടെ നൂതനമായ രീതികൾ പരിചയപ്പെടുത്തുന്നതിനൊപ്പം നാടക പരിശീലനവും ശില്‍പ്പശാലയുടെ ഭാഗമായി.  അന്താരാഷ്ട്ര നാടകോത്സവ വേദി സന്ദര്‍ശിച്ച് നാടകങ്ങള്‍ കാണാനും നാടകത്തിന്റെ ഒരുക്കങ്ങള്‍ നേരിട്ട് മനസിലാക്കാനുമുള്ള അവസരവും ഇവര്‍ക്ക് ഒരുക്കിയിരുന്നു. അഭിനയ, കലാ രംഗത്ത് താത്പര്യമുള്ള സ്ത്രീകള്‍ക്ക് നാടകത്തെ അടുത്തറിഞ്ഞ് ആ മേഖലയില്‍ അവര്‍ക്ക് ശോഭിക്കാനുള്ള മികച്ച അവസരമാണ്  ശില്‍പ്പശാലയിലൂടെ ഒരുങ്ങിയത്. 

52 വനിതകളില്‍ 30 പേര്‍ കുടുംബശ്രീയുടെ രംഗശ്രീ ടീം അംഗങ്ങളാണ്. കലാ, സാംസ്‌ക്കാരിക മേഖലകളിലെ സ്ത്രീ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ രൂപം നല്‍കിയ അയല്‍ക്കൂട്ടാംഗങ്ങളുടെ തിയേറ്റര്‍ ഗ്രൂപ്പുകളാണ് രംഗശ്രീ. ഏഴ് വനിതകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റുള്ളവര്‍ കേരളത്തിലെ വിവിധ നാടക ട്രൂപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. അമേച്വര്‍ നാടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ വരെ ഇതിന്റെ ഭാഗമായി. 20 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവരാണ് ശില്പശാലയില്‍ പങ്കെടുത്തത്. 

ദേശീയ നാടകരംഗത്തെ പ്രഗത്ഭരായ എം.കെ. റെയ്ന, അനുരാധ കപൂര്‍, നീലം മാന്‍സിങ് എന്നിവരാണ് വിവിധ ദിവസങ്ങളിൽ ശില്‍പ്പശാല നയിച്ചത്. കിലയുടെയും കുടുംബശ്രീയുടെയും  സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശിൽപ്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ നിർവഹിച്ചു.  കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ചടങ്ങിൽ സന്നിഹിതനായി. നാടക കളരിയിലെ പാഠങ്ങൾക്കൊപ്പം അന്തർദേശീയ നാടകങ്ങൾ കണ്ടും നാടകപ്രവർത്തകരും കലാകാരന്മാരുമായി സംവദിച്ചും നാടക കളരിയിലെ സ്ത്രീ നാടക പ്രവർത്തകർ വലിയൊരു ആവേശത്തിലാണ് എല്ലാറ്റിലും പങ്കെടുത്തത്.Author
Citizen Journalist

Fazna

No description...

You May Also Like